വധശ്രമം: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
text_fieldsകോഴിക്കോട്: വധശ്രമക്കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും. പേരാമ്പ്ര കായണ്ണ നരിമട തയ്യുള്ള പറമ്പിൽ നാരായണന്റെ മകൻ ഷാജിയെ (46) കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി വയനാട് പുൽപള്ളി ചിറയിൽ അബ്ദുൽ നാസറിനെയാണ് (47) ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമം 307 വകുപ്പുപ്രകാരം 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയും 326 വകുപ്പുപ്രകാരം മൂന്നു വർഷം കഠിന തടവിനും 10,000 രൂപ പിഴ അടക്കുന്നതിനും കോഴിക്കോട് ഒന്നാം ജില്ല അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽകുമാറാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ പ്രതി 15 മാസം അധികതടവ് അനുഭവിക്കണം. പിഴ സംഖ്യ ഷാജിക്ക് നൽകണം.
2017 ജൂൺ 25ന് പുലർച്ചെ ഒന്നിന് പേരാമ്പ്ര സലീം എന്നയാൾ നടത്തുന്ന ബീഫ് സ്റ്റാളിനോട് ചേർന്ന ഷെഡിലെ മുറിയിൽ െവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാസറും ഷാജിയും ബീഫ് സ്റ്റാളിലെ ജീവനക്കാരായിരുന്നു. പ്രതിക്ക് ഷാജിയോടുള്ള മുൻ വിരോധമാണ് സംഭവത്തിലേക്ക് നയിച്ചത്. ഷാജി ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിച്ചു.19 രേഖകളും ഒരു തൊണ്ടിമുതലും തെളിവിലേക്ക് ഹാജരാക്കി. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ ആണ് കേസിലെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ല അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. നിതിത ചക്രവർത്തിനി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.