നഗരത്തിൽ 1,137 പദ്ധതികൾ അടുത്ത കൊല്ലവും തുടരും
text_fieldsകോഴിക്കോട്: വിവിധ കാരണങ്ങളാൽ പൂർത്തിയാവാത്ത 1,137 വികസന പദ്ധതികൾ അടുത്ത വർഷവും സ്പിൽ ഓവർ പദ്ധതികളായി പരിഗണിക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗം അനുമതി നൽകി. വികസന സ്ഥിരംസമിതി അധ്യക്ഷ ഒ.പി. ഷിജിന അവതരിപ്പിച്ച് വിവിധ സ്ഥിരം സമിതികൾ അംഗീകരിച്ച പദ്ധതികളുടെ ലിസ്റ്റാണ് കൗൺസിൽ യോഗം അംഗീകരിച്ചത്.
പദ്ധതി നിർവഹണത്തിൽ പിറകോട്ടെന്ന് യു.ഡി.എഫ്
കോഴിക്കോട് ജില്ലയിലും സംസ്ഥാനത്തും പദ്ധതി നിർവഹണത്തിൽ കോർപറേഷൻ പിറകോട്ട് പോയതായി ലീഗ് നേതാവ് കെ. മൊയ്തീൻ കോയ. പ്രതിപക്ഷം നേരത്തേ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയതാണ്. സമീപകാലത്തെ ഏറ്റവും കുറവാണിത്. ബിൽ കൊടുത്തിട്ടും സർക്കാറിൽനിന്ന് ഫണ്ട് കിട്ടാത്തതടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ജനകീയാസൂത്രണ പദ്ധതി 25 കൊല്ലം പൂർത്തിയാവുമ്പോൾ അധികാര വികേന്ദ്രീകരണം, അധികാര കേന്ദ്രീകരണത്തിലേക്ക് പോവുന്ന സ്ഥിതിയാണ്.
ഇക്കാര്യത്തിൽ സർക്കാറിൽ ഇടപെടൽ നടത്തണം. പയ്യാനക്കൽ കളിസ്ഥലംപോലെ അടിയന്തര പദ്ധതികൾക്ക് പണം മാറ്റിവെക്കാതെ ഓഫിസ് നന്നാക്കാനും മറ്റുമുള്ള പദ്ധതികളാണ് പരിഗണിക്കാൻ നോക്കുന്നത്. കോർപറേഷൻ ഓഫിസിന്റെ നവീകരണം അനന്തമായി നീണ്ടു പോവുകയാണെന്നും കെ. മൊയ്തീൻ കോയ കുറ്റപ്പെടുത്തി.
76 ശതമാനത്തിലധികം തുക ചെലവിട്ടെന്ന് ഭരണസമിതി
അത്യാവശ്യമായി തുടരേണ്ട മാറ്റമില്ലാത്ത പദ്ധതികളാണ് സ്പിൽ ഓവറാക്കി മാറ്റുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. പദ്ധതി ചെലവിന്റെ സൂചിക താഴോട്ട് പോയത് പദ്ധതികൾ പൂർത്തിയാകാത്തത് കൊണ്ടല്ല. 76 ശതമാനത്തിലധികം കോർപറേഷൻ ചെലവഴിച്ചിട്ടുണ്ട്. സർക്കാറിന്റെ ട്രഷറി നിയന്ത്രണം, പദ്ധതികളുടെ ബില്ലുകൾ രേഖയിൽ വരാത്തത് എന്നിവയാണ് കാരണം.
പദ്ധതി നിർവഹണം തടസ്സപ്പെടുന്നത് ഓഫിസിന്റെ തടസ്സം കാരണമെങ്കിൽ പ്രത്യേകം നോക്കണം. എന്നാൽ, മൃഗങ്ങൾക്ക് ശ്മശാനം നിർമിക്കുന്നതുപോലുള്ള പല പദ്ധതികൾക്കും ഉചിതമായ സ്ഥലം കിട്ടാത്തതടക്കം തടസ്സമാവുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം ഫണ്ട് ചെലവിട്ടത് കോഴിക്കോടാണ്. ഇത്തവണ അതിനേക്കാൾ ചെലവായിക്കഴിഞ്ഞിട്ടുണ്ട്. സ്പിൽ ഓവർ ലിസ്റ്റ് അംഗീകരിച്ച് അടുത്ത വർഷം പരിഗണിക്കുന്നത് ഇവക്കെല്ലാം സാധുത കിട്ടാനാണ്. കോർപറേഷൻ ഓഫിസ് നവീകരണം ഏതാണ്ട് തീർന്നു.
ഉടൻതന്നെ അതിന്റെ പ്രഖ്യാപനമുണ്ടാവും. കോഴിക്കോടിന്റെ പ്രശ്നങ്ങൾ കണ്ണൂരിൽ വ്യാഴാഴ്ച നടക്കുന്ന മേയേഴ്സ് ചേംബർ യോഗത്തിൽ കോഴിക്കോട് മേയർ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. കെ.സി. ശോഭിത, എസ്.കെ. അബൂബക്കർ, പി. ദിവാകരൻ, കെ. റംലത്ത്, കെ. നിർമല, പി.സി. രാജൻ, ടി. റനീഷ്, ടി.കെ. ചന്ദ്രൻ, സരിത പറയേരി, സി.എസ്. സത്യഭാമ തുടങ്ങിയവർ സംസാരിച്ചു.
തുടരുന്ന പദ്ധതികളിൽ പ്രധാനപ്പെട്ടവ
- ടൗൺ ഹാൾ നവീകരണം
- 22.7 ലക്ഷം രൂപയുടെ ആനക്കുളം ആംഫി തിയറ്റർ
- വിവിധ വാർഡിൽ ഓട നന്നാക്കൽ
- 50 ലക്ഷത്തിന്റെ പൊറ്റമ്മൽ കളിസ്ഥലം
- ഒരു കോടിയുടെ ടേക് എ ബ്രേക്ക് കൗണ്ടറുകൾ
- മൂന്ന് കോടിയിലേറെ ചെലവിൽ ബീച്ചിൽ കച്ചവടത്തിന് അടിസ്ഥാന സൗകര്യമൊരുക്കൽ
- വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി
- മിഠായിത്തെരുവിൽ ഓവുചാൽ നവീകരിക്കൽ
- 17.37 ലക്ഷം രൂപയുടെ സാഹിത്യ നഗരം പദ്ധതി പ്രവർത്തനങ്ങൾ
- സാധാരണക്കാരന് വരുമാനം ലഭ്യമാക്കാൻ ഒരു കോടിയുടെ വി ലിഫ്റ്റ് പദ്ധതി
- മാവൂർ റോഡ് ശ്മശാനം ചിമ്മിണി നിർമാണം
- കോർപറേഷൻ ഓഫിസ് നവീകരണം
- മേയർ ഭവൻ നവീകരണം
- ആവിക്കൽ തോട് നവീകരണം
- പൊറ്റമ്മൽ കളിസ്ഥലം നിർമാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.