നഗരത്തിലെ 12 റോഡുകൾ നവീകരിക്കാൻ 1312.67 കോടി
text_fieldsകോഴിക്കോട്: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സംസ്ഥാന സർക്കാർ 1312.67 കോടി രൂപ അനുവദിച്ചു. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 720.39 കോടി രൂപക്കും നിർമാണത്തിന് 592.28 രൂപക്കുമാണ് അനുമതിയായത്. മൊത്തം 45.28 കിലോമീറ്റർ റോഡാണ് പദ്ധതിയിൽ നന്നാക്കുക. നഗര റോഡ് നവീകരണ പദ്ധതിയിൽ ആദ്യഘട്ടത്തിൽ നവീകരിച്ച റോഡുകളാണ് കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് ആശ്വാസമായത്.
നന്നാക്കുന്ന റോഡുകൾ
റോഡിന്റെ നീളം, വീതി, പേര്, അനുവദിച്ച തുക എന്ന ക്രമത്തിൽ
1.5 കിലോമീറ്റർ ദൂരത്തിലും 15 മീറ്റർ വീതിയിലും മാളിക്കടവ്-തണ്ണീർ പന്തൽ റോഡ് (16.56 കോടി), 4.11 കിലോമീറ്ററിൽ 12 മുതൽ 16 വരെ മീറ്റർ വീതിയിൽ കരിക്കാംകുളം-സിവിൽ സ്റ്റേഷൻ-കോട്ടൂളി (84.54), 1.618 കിലോമീറ്ററിൽ 15 മീറ്റർ വീതിയിൽ മൂഴിക്കൽ-കാളാണ്ടിത്താഴം (25.63), 5.96 കിലോമീറ്ററിൽ 18.1 മീറ്റർ വീതിയിൽ മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ് (199.57), 7.1 കിലോമീറ്ററിൽ 24 മീറ്റർ വീതിയിൽ മാനാഞ്ചിറ-പാവങ്ങാട് (287.34), 5.123 കിലോമീറ്ററിൽ 18.1 മീറ്റർ വീതിയിൽ കല്ലുത്താൻകടവ്-മീഞ്ചന്ത (153.43), 0.621 കിലോമീറ്ററിൽ 13 മീറ്റർ വീതിയിൽ കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര ൈഫ്ല ഓവർ (15.52), 0.8 കിലോമീറ്ററിൽ 15 മീറ്റർ വീതിയിൽ സി.ഡബ്ല്യു.ആർ.ഡി.എം-പെരിങ്ങൊളം ജങ്ഷൻ (11.79), 1.072 കിലോമീറ്ററിൽ 18 മീറ്റർ വീതിയിൽ മിനി ബൈപാസ്-പനാത്തുതാഴം ൈഫ്ലഓവർ (75.47), 0.94 കിലോമീറ്ററിൽ 12 മീറ്റർ വീതിയിൽ അരയിടത്തുപാലം-അഴകൊടി ക്ഷേത്രം-ചെറൂട്ടി നഗർ (28.82), 9.36 കിലോമീറ്ററിൽ 12 മുതൽ 24 വരെ മീറ്റർ വീതിയിൽ രാമനാട്ടുകര-വട്ടക്കിണർ (238.96), 7.075 കിലോമീറ്ററിൽ 12 മുതൽ 18 വരെ മീറ്റർ വീതിയിൽ പന്നിയങ്കര-പന്തീരാങ്കാവ് (175.06) എന്നീ റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള വികസനത്തിനാണ് തുക അനുവദിച്ചത്.
പ്രത്യേക ടീമിനെ നിയമിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും -മന്ത്രി റിയാസ്
12 റോഡുകളുടെയും വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് പ്രത്യേക ടീമിനെ നിയമിക്കുന്ന കാര്യം ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. റോഡുകളുടെ പണി പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും.
കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും. കോഴിക്കോട്ടെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഈ റോഡുകളുടെ വികസനം. മിഷൻ 20-30ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നവീകരണം നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നതോടൊപ്പം നഗരത്തിന്റെ വികസനത്തിന് ആക്കംകൂട്ടുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.