125 ദിവസം; കാർഗോക്കായി മഷ്ഹൂദിന്റെ കാത്തിരിപ്പ് തുടരുന്നു
text_fieldsകോഴിക്കോട്: ഖത്തറിൽനിന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ വീട്ടുകാർക്കുള്ള സാധനങ്ങൾ കാർഗോ വഴി അയച്ചതാണ് അത്തോളി സ്വദേശി മഷ്ഹൂദ്. ദിവസം 125 കഴിഞ്ഞിട്ടും കാർഗോ എത്തിയിട്ടില്ല. ഏജൻസിയിൽ വിളിമ്പോൾ അവർക്കും ഉത്തരമില്ല. കഴിഞ്ഞ ഫെബ്രുവരി 14നാണ് മഷ്ഹൂദ് ഖത്തറിലെ അൽഖോറിലെ ‘മകാട്ടി’ ഏജൻസിയെ 34 കിലോ സാധനങ്ങൾ കാർഗോ വഴി നാട്ടിലേക്കയക്കാൻ ഏൽപിച്ചത്.
45 ദിവസത്തിനുള്ളിൽ എത്തുമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്. ഫെബ്രുവരി 19ന് മഷ്ഹൂദ് ഖത്തറിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 45 ദിവസം കഴിഞ്ഞിട്ടും കാർഗോ എത്താതായപ്പോൾ മഷ്ഹൂദ് കമ്പനിയെ നേരിട്ട് ബന്ധപ്പെട്ടു. കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കാനായിരുന്നു കമ്പനിയുടെ നിർദേശം. 100 ദിവസം പിന്നിട്ടിട്ടും ഫലമില്ലാതായപ്പോൾ വീണ്ടും കമ്പനിയെ ബന്ധപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറുകയായിരുന്നു.
നാട്ടിലെ ഏജൻസിയുടെ നമ്പറോ വിലാസമോ നൽകാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. അതിനിടയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ട് 218 കണ്ടെയ്നറുകൾ സി.ബി.ഐ പിടിയിലായതിനാലാണ് കാർഗോ മുടങ്ങിയതെന്നാണ് ഒടുവിൽ ഏജൻസിതന്നെ അറിയിച്ചതെന്ന് മഷ്ഹൂദ് പറയുന്നു.
വീട്ടുകാർക്ക് പെരുന്നാളിനുള്ള വസ്ത്രങ്ങളും മറ്റ് ഗാർഹിക സാമഗ്രികളുമാണ് കാർഗോയിൽ. ജോലി അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് ബോധ്യമായതിനാൽ ഏജൻസിതന്നെ കാർഗോ മുക്കിയതാണെന്നും മഷ്ഹൂദ് ആരോപിക്കുന്നു. കമ്പനിക്കെതിരെ നാട്ടിലും ഖത്തറിലും നിയമനടപടികൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് മഷ്ഹൂദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.