ബഷീർ സ്മാരകത്തിന് 13.43 കോടിയുടെ പദ്ധതി
text_fields
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന് 13.43 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദ പദ്ധതിരേഖ (ഡി.പി.ആർ). 16 കോടി രൂപയെങ്കിലും അവസാനഘട്ടത്തിൽ ചെലവാകുമെന്നാണ് കരുതുന്നത്. ബേപ്പൂർ ബി.സി റോഡിലെ ബേപ്പൂർ കമ്യൂണിറ്റി ഹാൾ പൊളിച്ചുമാറ്റി ബഷീർ സ്മാരകം നിർമിക്കാനാണ് തീരുമാനം.
സ്പേസ് ആർട്ട് എന്ന സ്ഥാപനമാണ് പദ്ധതി രേഖ തയാറാക്കിയത്. ടൗൺ പ്ലാനിങ് കമ്മിറ്റി ഡി.പി.ആർ പരിശോധിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ രേഖ അംഗീകരിക്കുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന കൗൺസിൽ യോഗം തീരുമാനിക്കും. ബഷീറിെൻറ ചരമദിനമായ ജൂലൈ അഞ്ചിന് ബഷീർ മെമ്മോറിയൽ മ്യൂസിയത്തിെൻറ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കാൻ നേരത്തേ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. 2006ലാണ് ബഷീറിന് സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ചതെങ്കിലും കാര്യമായൊന്നും നടന്നില്ല.
ബഷീർ സ്മാരകം യാഥാർഥ്യമാകുമ്പോൾ സാഹിത്യ കുതുകികൾക്കും കലാകാരന്മാർക്കും പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും പരസ്പരം ഇടപഴകാനും സാഹിത്യവാസനകൾ വർധിപ്പിക്കാനും സാഹിത്യസംവാദങ്ങൾ സംഘടിപ്പിക്കാനുമുള്ള സാധ്യതകൾ ഒരുക്കാനാവുമെന്നാണ് പ്രതീക്ഷ. കോർപറേഷനും വിനോദസഞ്ചാര വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കമ്യൂണിറ്റി സെൻറർ, ആംഫി തിയറ്റർ, കൾചറൽ സെൻറർ, ബഷീർ ആർക്കൈവ്സ്, റിസർച് സെൻറർ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ, ആർട്ട് റെസിഡൻസി സൗകര്യം, അക്ഷരത്തോട്ടം, വാർത്താമതിൽ എന്നിവ ബഷീർ സ്മാരകത്തിലുണ്ടാവും. ബഷീർ കഥാപാത്രങ്ങളാണ് ചുറ്റുമതിലിൽ നിറയുക. ചൂണ്ടുപലകകളും ബഷീർ കഥാപാത്രങ്ങളാവും. ബേപ്പൂർ ബി.സി റോഡിൽ ഒരേക്കർ സ്ഥലത്താണ് സ്മാരകം പണിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.