147 രൂപ കുടിശ്ശിക: മീറ്റർ ബോർഡും സർവിസ് ലൈനും ഊരിമാറ്റിയതായി പരാതി
text_fieldsഎലത്തൂർ: 147 രൂപ കുടിശ്ശിക വരുത്തിയതിന് വൈദ്യുതി വകുപ്പ് ജീവനക്കാർ മീറ്റർ ബോർഡും സർവിസ് ലൈനും ഊരി മാറ്റിയതായി പരാതി. എലത്തൂർ ഒന്നാം വാർഡിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആരോച്ചുംകുനി ദേവിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. വീട്ടുടമയായ ദേവി മരിച്ചിട്ട് ഒരു വർഷമാകാറായി.
മിനിമം ഉപയോഗമായതിനാൽ സൗജന്യമായാണ് ദേവിക്ക് വൈദ്യുതി ലഭിച്ചത്. എൺപതുകാരിയായ ദേവിയോടെപ്പം കൂട്ടിന് സഹോദരിയുടെ മകൾ ബിന്ദു ആയിരുന്നു താമസിച്ചിരുന്നത്. ദേവി മരിക്കുകയും ബിന്ദുവിന്റെ മകന് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തതിനാൽ കുറച്ചുമാസം വീട് അടച്ചിടേണ്ടിവന്നു. ദേവിയുടെ മരണവാർഷികത്തോടനുബന്ധിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി അറിഞ്ഞത്. പാവങ്ങാട് കെ.എസ്.ഇ.ബിയുമായി ബിന്ദു ബന്ധപ്പെട്ടപ്പോൾ ഏതോ മാസം അധിക ൈവദ്യുതി എടുത്തതിനാൽ 147 കുടിശ്ശിക ആയിട്ടുണ്ടെന്നും ഇതേത്തുടർന്ന് വീട്ടിൽ നോട്ടീസ് എത്തിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചത്രെ.
തങ്ങളെ ഫോണിൽ ബന്ധപ്പെടുകയോ മറ്റോ ചെയ്യാതെ ഫീസ് ഊരുന്നതിനുപകരം സർവിസ് ലൈനും ബോർഡും ഊരിയത് കീഴ്വഴക്കമനുസരിച്ചല്ലെന്നാണ് ആക്ഷേപം. വീട്ടുകാരുടെ അറിവിലേക്ക് നോട്ടീസ് കൊടുത്തതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഓഫിസിൽ ചെന്നപ്പോൾ ഇ.എൽ.സി.ബി ഘടിപ്പിച്ചാൽ മാത്രമെ കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിയുള്ളൂ എന്നാണ് മറുപടി ലഭിച്ചതെന്നും ബിന്ദു പറയുന്നു.
ഇ.എൽ.സി.ബി ഘടിപ്പിക്കാത്ത നൂറുകണക്കിന് വീടുകൾ ഉള്ളപ്പോൾ ആ കാരണം പറഞ്ഞ് കണക്ഷൻ വിഛേദിക്കുന്നത് ന്യായമല്ലെന്നും സൗജന്യമായി ഇ.എൽ.സി.ബി ഘടിപ്പിക്കാൻ ഒരു വർഷം മുമ്പ് അപേക്ഷ നൽകിയിട്ടും അധികൃതർ ഇതുവരെ ചെയ്തിട്ടില്ലെന്നും ബിന്ദു പറഞ്ഞു. വാർഡ് മെംബർ മനോഹരൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ആറുമാസത്തിനുള്ളിൽ കണക്ഷൻ കൊടുക്കുമെന്നാണ് പറഞ്ഞത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്ത്രീയായിരുന്നു വീട്ടുടമസ്ഥ. എന്നാൽ ഇവരുടെ മരണത്തോടെ അനിയത്തിയുടെ മകൾ ആയതിനാൽ ഈ വീട് സൗജന്യപ്പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതാണെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.