സരോവരത്തിൽ 1.74 കോടിയുടെ നവീകരണത്തിന് അനുമതി
text_fieldsകോഴിക്കോട്: കോവിഡ് കാലത്തെ അടച്ചിടലിന്‍റെ ക്ഷീണത്തിലായ സരോവരം ബയോപാർക്കിൽ ആദ്യഘട്ട നവീകരണത്തിന് സാങ്കേതിക അനുമതിയായി. വിനോദ സഞ്ചാര വകുപ്പിന്‍റെ 1.74 കോടിയുടെ നവീകരണമാണ് നടക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണചുമതല. നിലവിലുള്ള പാർക്കിലെ സൗകര്യങ്ങൾ നവീകരിക്കും. മരത്തിന്‍റെ വേരുകളും മറ്റും വളർന്ന് ഫുട്പാത്തുകളും മറ്റും തകർന്നത് നേരെയാക്കും.
കളിപ്പൊയ്കയുടെ കവാടത്തിൽ മിഠായിത്തെരുവിലേതു പോലെ കോബിൾ സ്റ്റോൺ വിരിക്കും. വെള്ളം കെടിക്കിടക്കുന്നത് പലേടത്തും ചെടികൾ നശിക്കാനും തറയും വേലികളുമിളകാനും കാരണമാണ്. ഇത് ഒഴിവാക്കാൻ ഓവുചാൽ സംവിധാനങ്ങളും ഒരുക്കും.ആംഫി തിയറ്റർ അറ്റകുറ്റപ്പണിയും നടക്കും. കുട്ടികളുടെ പാർക്കിലുള്ള സാമഗ്രികൾ അലങ്കോലമായത് നന്നാക്കും.
ഇതിന്‍റെ നിർമാണം തുടങ്ങിക്കഴിഞ്ഞാൽ കെട്ടിടങ്ങളുടെ നവീകരണവും ആരംഭിക്കും. രണ്ടാം ഘട്ടമെന്ന നിലക്കാണ് ഇത് നടപ്പാക്കുക. ഇപ്പോഴുള്ള ടോയ്ലറ്റുകൾ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. വെന്‍റിലേഷനും മറ്റും കൂട്ടി പുതിയ പ്ലംബിങ് പണികൾ നടത്തും.കെട്ടിടങ്ങളിലൊന്ന് പൂർണമായി ടോയ്ലെറ്റ് കോംപ്ലക്സാക്കിമാറ്റുകയാണ് ലക്ഷ്യം. ഇവിടെ മാനേജറുടെ മുറി, വസ്ത്രം മാറ്റാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഉണ്ടാവും.
തൊട്ടടുത്ത കെട്ടിടത്തിൽ പ്രകൃതി പഠനകേന്ദ്രം ഒരുക്കും. പാർക്കിൽ വരുന്ന വിദ്യാർഥികൾക്കും മറ്റും പ്രകൃതിപഠനമൊരുക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ ഡിസ്പ്ലേവഴി സരോവരത്തിലെ ജൈവ വൈവിധ്യം പരിചയപ്പെടുത്തുന്ന സംവിധാനം ഇവിടെയുണ്ടാവും.
ഓൺലൈൻ വഴി കാര്യങ്ങൾ മനസ്സിലാക്കാനും സൗകര്യമൊരുക്കും. ലാൻഡ് സ്കേപ്പിങ്ങിനും രണ്ടാം ഘട്ടത്തിൽ തുക വകയിരുത്തും. ചതുപ്പ് നിലമായതിനാൽ എല്ലാ തരം ചെടികളും ഇവിടെ വളരില്ല. നേരത്തേ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തിയ ശ്രമം പൂർത്തിയാക്കാനായില്ല. ഒരു കൊല്ലത്തിനകം ആദ്യഘട്ട നവീകരണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
കാഴ്ചകൾ മങ്ങുന്നു
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തുറന്ന സരോവരം ബയോപാർക്കിൽ സൗകര്യങ്ങൾ കുറഞ്ഞ് കാഴ്ചകൾ മങ്ങുന്നു. ടൈലും വേലികളുമെല്ലാം തകർന്ന് പലേടത്തും അലങ്കോലമായിട്ടുണ്ട്. ഏറ്റവുമൊടുവിൽ എം.എൽ.എ ഫണ്ടിൽ പണിയുന്ന തുറന്ന ജിംനേഷ്യത്തിന്‍റെ നിർമാണം ഇനിയും പൂർത്തിയായില്ല.
തറയിൽ ടൈൽ വിരിക്കുന്നതും മറ്റുമാണ് തീരാനുള്ളത്. നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല. പണി തീരാതെ കിടക്കുന്ന ഉപകരണങ്ങൾ പ്രഭാത സവാരിക്കെത്തുന്നവർ അത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. പാർക്കിലെ കഫറ്റീരിയ അടഞ്ഞ് കിടപ്പാണ്. ശുചിമുറികളും കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്താനുണ്ട്.
സൈക്കിൾ സവാരിയോട് നല്ല പ്രതികരണം
സരോവരത്തിലെ എറ്റവും പുതിയ ആകർഷണമായ സൈക്കിൾ സവാരിയോട് സന്ദർശകരുടെ നല്ല പ്രതികരണമാണെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു. ഏറെ പേർ സൗകര്യം ഉപയോഗിക്കുന്നു. ആദ്യഘട്ടമായി അഞ്ച് സൈക്കിളുകളാണ് എർപ്പെടുത്തിയത്.
അര മണിക്കൂറിന് 50 രൂപയാണ് നിരക്ക്. രാവിലെ ഒമ്പതിനും വൈകീട്ട് ആറിനുമിടക്കാണ് സൈക്കിളുകൾ നൽകുക. തിരിച്ചറിയൽകാർഡ് വാങ്ങിയശേഷമാണ് വിട്ടുകൊടുക്കുക. പ്രഭാത സവാരിക്കാർക്ക് രാവിലെ ആറിനും എട്ടിനുമിടയിൽ പ്രവേശനം സൗജന്യമാണെങ്കിലും പകൽ ഒമ്പതിന് ശേഷം പാർക്കിൽ കയറാൻ 20 രൂപയുടെ ടിക്കറ്റെടുക്കണം.
കൂടുതൽ സംവിധാനങ്ങൾ ഒരുക്കും
പാർക്കിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താനാണ് ശ്രമമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി നിഖിൽ ദാസ് പറഞ്ഞു. കോവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യം പ്രശ്നമാണ്. കഫറ്റീരിയ നടത്താൻ രണ്ട് തവണ ടെൻഡർ ചെയ്തെങ്കിലും കരാറായില്ല. ഉടൻ പുതിയ നടത്തിപ്പുകാരെ തേടും.
ഉത്തരവാദിത്ത ടൂറിസമെന്ന നിലയിൽ കുടുംബങ്ങളും കുട്ടികളും കൂടി പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. സാഹസിക ടൂറിസത്തിനുള്ള സാധ്യതകളും മറ്റും ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.