മേപ്പയ്യൂരിലെ 18 അംഗൻവാടികൾ സ്മാർട്ട്; പഞ്ചായത്ത്തല ഉദ്ഘാടനം ഇന്ന്
text_fieldsമേപ്പയ്യൂർ: ഇഷ്ടംപോലെ കളിക്കാം, ഇടക്ക് ടി.വി കാണാം, പാട്ട് കേൾക്കാം, നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂരിലെ ക്രാഡില്‍ അംഗൻവാടികളിൽ കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ 18 അംഗൻവാടികളാണ് ആധുനികവത്കരിച്ച് ക്രാഡില്‍ അംഗൻവാടികളാക്കി ഉയര്‍ത്തിയത്.
ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നിവയും സ്ഥാപിക്കും. കെട്ടിടത്തിന് പുറത്ത് കിഡ്സ് ടര്‍ഫ്, അടുക്കളത്തോട്ടം എന്നിവയും ഒരുക്കും.
തിങ്കള്‍ മുതല്‍ ശനി വരെ പാല്‍, മുട്ട, പയർവര്‍ഗങ്ങളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലൂട്ടുന്ന അമ്മമാര്‍ക്ക് ന്യൂട്രി മാം, ഗര്‍ഭിണികള്‍ക്ക് ഗ്രാവി പ്രോയും വിതരണം ചെയ്യും. മൂന്നുമുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കായി ജെംസ് ബുക്കുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി 'ദ ക്രാഡില്‍' എന്നപേരില്‍ ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളിലുള്‍പ്പെടുത്തി 27 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 18 അംഗൻവാടികള്‍ ക്രാഡിലാക്കി ഉയര്‍ത്തിയത്. മൂന്ന് അംഗൻവാടികൾകൂടി ക്രാഡിലാക്കി ഉയര്‍ത്താൻ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതിനായി നാലുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത്തല ഉദ്ഘാടനം വിനയ സ്മാരക അംഗൻവാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വ്യാഴാഴ്ച നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.