വലിയങ്ങാടിയിൽ 182 ചാക്ക് റേഷനരി പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: സ്വകാര്യ കടയിൽനിന്ന് ലോറിയിൽ കയറ്റിയ 182 ചാക്ക് റേഷനരി പൊലീസ് പിടികൂടി. വലിയങ്ങാടിയിലെ സീന ട്രേഡേഴ്സിൽനിന്ന് കയറ്റിക്കൊണ്ടുപോകുകയായിരുന്ന റേഷനരിയാണ് ചെറൂട്ടി റോഡിൽനിന്ന് ടൗൺ പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.
അരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കടയുടമ നിർമൽ, ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി അപ്പുക്കുട്ടൻ,സഹായി ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. രാത്രി വൈകിയാണ് അറസ്റ്റ് ഉണ്ടായത്. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസർ സ്ഥലത്തെത്തി ഇത് റേഷനരിയാണെന്ന് സ്ഥിരീകരിച്ചു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 50 കിലോയുടെ ചാക്കിലാണ് അരി കയറ്റിയത്. എവിടെ നിന്നാണ് അരി എത്തിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചെടുത്തത് റേഷനരി തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി താലൂക്ക് സപ്ലൈ ഓഫിസർ കെ. മുരളീധരൻ പറഞ്ഞു. ആളുകൾ എത്തിച്ചതാണ് അരിയെന്ന് കടയുടമ പറഞ്ഞു. സ്കൂട്ടറിലും ചെറിയ ഗുഡ്സ് ഓട്ടോകളിലും വലിയങ്ങാടിയിലേക്ക് റേഷൻ കടകളിൽനിന്ന് അരി എത്തുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ടൗൺ സി.ഐ അനിതകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റേഷനരി പിടികൂടിയത്. ടൗൺ അസി. കമീഷണർ പി. ബിജുരാജ് കടയിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.