കെട്ടിട നിർമാണത്തിന് 19.43 കോടിയുടെ ഭരണാനുമതി; കുറ്റ്യാടി താലൂക്ക് ആശുപത്രി അടിമുടി മാറും
text_fieldsകുറ്റ്യാടി: ദിവസവും നിരവധി രോഗികൾ ചികിത്സക്കെത്തുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. താലൂക്ക് ആശുപത്രി നവീകരണത്തിന് 19.43 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 7.19 കോടി സംസ്ഥാന വിഹിതമാണ്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമാണ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുന്നുമ്മൽ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രി മലയോരമേഖലയിൽ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആശ്രയകേന്ദ്രമാണ്. അത്യാഹിത വിഭാഗമുൾപ്പെടെ നവീകരിക്കുകയും, സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതിലൂടെ അപകടത്തിൽപെടുന്നവർക്ക് വലിയ ആശ്വാസമാകും.
ആറ് നിലകളുള്ള കെട്ടിടസമുച്ചയമാണ് നിർമിക്കുന്നത്. ബേസ്മെന്റ് നിലയിൽ പാർക്കിങ്, ഗ്രൗണ്ട് നിലയിൽ മിനി കോൺഫറൻസ് ഹാൾ, ഡിജിറ്റൽ എക്സ്റേ, ലബോറട്ടറികൾ, കാത്തുനിൽപ്പ് കേന്ദ്രം, നിരീക്ഷണമുറി, നഴ്സസ് റൂം, ഡോക്ടർമാരുടെ പരിശോധന മുറി പാർക്കിങ്, ഒന്നാം നിലയിൽ ലേബർ റൂം സമുച്ചയം, രണ്ടും മൂന്നും നിലകളിൽ വിവിധ വാർഡുകൾ, നാലാമത്തെ നിലയിൽ ഓപറേഷൻ തിയറ്റർ എന്നിവയുമാണ് നിർമിക്കുക. കൂടാതെ കെട്ടിടത്തിൽ നാലു ലിഫ്റ്റുകളും സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.