മെഡി. കോളജിൽ 20 ലിഫ്റ്റും 10 ഓപറേറ്റർമാരും; ലിഫ്റ്റിൽ കുടുങ്ങിയാൽ വിളിച്ചാൽ പോലും കേൾക്കില്ല
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ ആവശ്യത്തിന് ലിഫ്റ്റ് ഓപറേറ്റർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രധാന ആശുപത്രി, സൂപ്പര്‍ സ്പെഷാലിറ്റി, പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിലുൾപ്പെടെ 20 ഓളം ലിഫ്റ്റുകളാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ചുരുങ്ങിയത് 60 ലിഫ്റ്റ് ഓപറേറ്റര്‍മാര്‍ വേണം. എന്നാൽ, മെഡിക്കൽ കോളജിൽ കേവലം 10 ലിഫ്റ്റ് ഓപറേറ്റര്‍ മാത്രമാണുള്ളത്. സൂപ്പര്‍ സ്പെഷാലിറ്റി, പി.എം.എസ്.എസ്.വൈ ബ്ലോക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ പുതുതായി ഒരു തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. നിലവില്‍ ജോലി ചെയ്യുന്ന ലിഫ്റ്റ് ഓപറേറ്റര്‍മാര്‍ ജോലിഭാരം കൊണ്ട് നട്ടം തിരിയുകയാണ്. തിരക്കനുഭവപ്പെടുന്ന സമയങ്ങളില്‍ പോലും എല്ലാ ലിഫ്റ്റുകളിലേക്കും ഇവരുടെ സേവനമെത്തിക്കാന്‍ കഴിയുന്നില്ല. ഇടക്ക് വൈദ്യുതി ബന്ധം തകരാറിലാവുമ്പോള്‍ ലിഫ്റ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതും ആളുകള്‍ കുടുങ്ങിപ്പോകുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ലിഫ്റ്റ് ഓപറേറ്റര്‍മാരുടെ സജീവ ഇടപെടലുകള്‍ കൊണ്ടാണ് ദുരന്തങ്ങൾ ഓഴിവാകുന്നത്. പല ലിഫ്റ്റുകളിലും മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്തതിനാല്‍ അടിയന്തര സാഹചര്യങ്ങളിൽ പുറത്തേക്ക് വിളിക്കാനും കഴിയില്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
മഴക്കാലത്ത് വൈദ്യുതി തടസ്സം കൂടുതല്‍ ഉണ്ടാവുന്നതിനാല്‍ വിരലിലെണ്ണാവുന്ന ജീവനക്കാരെ വെച്ച് ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുകയെന്നത് വെല്ലുവിളിയാണെന്നും കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളജ് കമ്മിറ്റി സൂപ്രണ്ടിന് നിവേദനം നൽകി. സൂപ്പര്‍ സ്പെഷാലിറ്റി, പി.എം.എസ്.എസ്.വൈ എന്നിവിടങ്ങളിലേക്ക് ലിഫ്റ്റ് ഓപറേറ്റര്‍മാരുടെ പുതിയ തസ്തികകള്‍ എത്രയും പെട്ടെന്ന് സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കണം, ലിഫ്റ്റുകളിൽ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാന്‍ ഇന്‍ര്‍കോം സംവിധാനത്തിലുള്ള ഫോണുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.