സരോവരം ജൈവ ഉദ്യാനം നവീകരണത്തിന് 2.19 കോടി
text_fieldsകോഴിക്കോട്: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ജൈവ ഉദ്യാനത്തിലെത്തിയാൽ ഇനി പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരില്ല. പാർക്ക് നവീകരണത്തിനായി 2.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നല്‍കിയതായി വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
ഓപണ്‍ എയര്‍ തിയറ്റര്‍, ബയോ പാര്‍ക്കിനകത്തെ കല്ല് പാകിയ നടപ്പാത, റെയിന്‍ ഷെല്‍ട്ടറുകള്‍, കുട്ടികളുടെ പാര്‍ക്ക്, ചുറ്റുമതില്‍, മരം കൊണ്ടുള്ള ചെറുപാലങ്ങള്‍, സെക്യൂരിറ്റി കാബിന്, കവാടം എന്നിവ നവീകരിക്കും. കൂടാതെ പാര്‍ക്കില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. തുരുമ്പെടുത്തതും പൊട്ടിയതുമായ ഇരിപ്പിടങ്ങള്‍, കേടായ വിളക്കുകാലുകള്‍ എന്നിവ നന്നാക്കുകയും ആവശ്യമായ ഭാഗങ്ങളില്‍ പുതിയ വിളക്കുകാലുകള്‍ സ്ഥാപിക്കുകയും ചെയ്യും.
വിവിധ പരിപാടികള്‍ക്കായി ആളുകള്‍ എത്തിച്ചേരുന്ന ഓപണ്‍ സ്റ്റേജും പരിസരവും മഴ നനയാതെ ഇരിക്കാനുള്ള ചെറുതും വലുതും ആയ റെയിന്‍ ഷെല്‍ട്ടറുകള്‍, കഫറ്റീരിയ, അമിനിറ്റി സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ നവീകരണം നടത്തുക എന്നീ പ്രവൃത്തികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളും കുടുംബവും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തുന്ന ഇടമാണ് ഈ ജൈവ ഉദ്യാനം. പ്രഭാത സവാരിക്കും വ്യായാമത്തിനും ധാരാളം ആളുകള്‍ ഇവിടെ സമയം ചെലവഴിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1.74 കോടി രൂപ സരോവരം പാര്‍ക്കിന്റെ വികസനത്തിനായി ചെലവഴിച്ചതായും മന്ത്രി പറഞ്ഞു.
ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി സരോവരം പാര്‍ക്കിനെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി വകുപ്പ് മുന്നോട്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.