28 കോടിയുടെ നബാര്‍ഡ് സഹായം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ആശുപത്രിയാകും
text_fieldsകോഴിക്കോട്: മാനസിക വൈകല്യങ്ങളുള്ള മലബാറിലെ നൂറുകണക്കിനാളുകൾക്ക് ആശ്രയമായ കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാകും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആദ്യഘട്ട വികസനത്തിന് 28 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിനൊപ്പം കണ്ണൂര്‍ പിണറായി സ്പെഷാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി രൂപയുടെയും അനുമതിയായിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമം. 1872ലാണ് ഈ മാനസികാരോഗ്യ കേന്ദ്രം സ്ഥാപിതമായത്. നഗരമധ്യത്തിലായി 20 ഏക്കറിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി നേരത്തേ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പാക്കുക. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ടു ഘട്ടമായിട്ടുള്ള നിർമാണ പ്രവൃത്തികള്‍ക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാര്‍ഡിന് നല്‍കിയത്.
അതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സക്കായുള്ള ഇന്‍ പേഷ്യന്റ് ബ്ലോക്ക് നിർമാണത്തിനാണ് 28 കോടി രൂപയാണ് നബാര്‍ഡ് പദ്ധതി പ്രകാരം അനുവദിച്ചത്. മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റര്‍ സ്ക്വയറാണ്. 120 കിടക്കകളുള്ള ഫാമിലി വാർഡാണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നത്. ഒ.പി, ചൈല്‍ഡ് ഒ.പി, ഐ.പി എന്നിവയാണ് നിർമിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് വെല്ലുവിളിയായിരുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലെന്ന പ്രതിസന്ധിക്കും പരിഹാരമുണ്ടാക്കണമെന്നതാണ് പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.