കോഴിക്കോട് നഗരത്തിൽ 2812 വഴിയോര കച്ചവടക്കാർക്കുകൂടി അംഗീകാരം
text_fieldsകോഴിക്കോട്: നഗരത്തിൽ തെരുവ് കച്ചവടക്കാർക്ക് ഔദ്യോഗിക അംഗീകാരം കൊടുത്ത് പുനരധിവസിപ്പിക്കാനുള്ള കോർപറേഷൻ പദ്ധതി പുരോഗതിയിൽ. നഗരസഭ നടത്തിയ വഴിയോര കച്ചവട സർവേയിൽ ഉൾപ്പെട്ട കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ തീരുമാനമായി. സർവേയിൽ കണ്ടെത്തിയ 2812 വഴിയോര കച്ചവടക്കാർക്കാണ് തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നത്.
കാർഡ് അനുവദിക്കുന്നതിനായി വിവരശേഖരണം നടത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും ക്യാമ്പുകൾ സംഘടിപ്പിക്കും. ഒക്ടോബർ 14 മുതൽ 26 വരെ നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 14ന് ഒന്നു മുതൽ ആറ് വരെയും 70 മുതൽ 75 വരെയും വാർഡിലുള്ള 247 കച്ചവടക്കാരുടെ വിവരശേഖരം എലത്തൂർ സോണൽ ഓഫിസിൽ നടക്കും.
കോവൂർ കമ്യൂണിറ്റി ഹാൾ, ചെറുവണ്ണൂർ കമ്യൂണിറ്റി ഹാൾ എസ്.കെ. പൊറ്റക്കാട്ട് ഹാൾ, എരഞ്ഞിപ്പാലം ശേഖരൻ മെമ്മോറിയൽ ഹാൾ എന്നിവിടങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും നടക്കും. ഈ മാസം 26 നകം എല്ലാവരുടെയും വിവരശേഖരണവും ഫോട്ടോ എടുക്കലും തീർക്കുമെന്ന് സിറ്റി മിഷൻ മാനേജർ എം.പി. മുനീർ അറിയിച്ചു.
അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും
കോർപറേഷൻ ലിസ്റ്റിൽ ഉൾപ്പെടാത്ത തെരുവ് കച്ചവടക്കാരെ അനധികൃതമായെന്ന് കണക്കാക്കി ഒഴിപ്പിക്കുന്നതിന്റെ മുന്നോടികൂടിയായാണ് തെരുവ് കച്ചവടക്കാരുടെ ലിസ്റ്റ് തയാറാക്കിയത്.
നഗരത്തിൽ തെരുവ് കച്ചവടക്കാർ നാൾക്കുനാൾ വർധിക്കുന്ന പാശ്ചാത്തലത്തിലാണിത്. ടൗൺ വെന്റിങ്ങ് കമ്മിറ്റി 2022ൽ നടത്തിയ സർവേയിൽ കണ്ടെത്തിയവർക്കാണ് തിരിച്ചറിയൽ രേഖ നൽകുക. 2017ൽ നേരത്തേ കുറച്ചു പേർക്ക് കാർഡ് കൊടുത്തിരുന്നുവെങ്കിലും വീണ്ടും സർവേ നടത്തി പുതിയതായി കണ്ടെത്തിയവർക്കാണ് ഇപ്പോൾ കാർഡ് നൽകുന്നത്.
കച്ചവടം നിശ്ചിത സ്ഥലത്ത് മാത്രം
കാർഡ് കിട്ടിയവർക്ക് വെൻഡിങ്ങ് സോണുകൾ നിശ്ചയിച്ച് വെൻഡിങ് സർട്ടിഫിക്കറ്റ് നൽകും. അത് കണ്ടെത്താനുള്ള സർവേയും ആരംഭിച്ചു. ഏത് സ്ഥലത്ത് എന്ത് സാധനങ്ങളാണ് കച്ചവടം ചെയ്യേണ്ടതെന്നും ഉടൻ നിശ്ചയിക്കും. നഗരസഭ സീറോ വെൻഡിങ് സോൺ ആയി നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ കച്ചവടമനുവദിക്കില്ല.
ബീച്ച്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരം, പാളയം, മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം, മിഠായിത്തെരുവിന് സമീപം തുടങ്ങി വിവിധയിടങ്ങൾ കോർപറേഷൻ കൗൺസിൽ നേരത്തേ വെൻഡിങ്ങ് സോണുകളായി നിശ്ചയിച്ചിരുന്നു.
രേഖകളുമായി എത്തണം
സർവേ ലിസ്റ്റിൽ ഉൾപ്പെട്ട കച്ചവടക്കാർ ആധാർ കാർഡിന്റെ ഒറിജിനൽ, ഒരു കോപ്പി എന്നിവ സഹിതം നിർദേശിച്ച ദിവസം രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനും ഇടയിൽ ക്യാമ്പിൽ നേരിട്ട് ഹാജരാവണം.
വഴിയോര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പ് വരുത്താനും അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കാനും തിരിച്ചറിയൽ കാർഡ് നൽകുന്നതിലൂടെ കഴിയുമെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.