മുക്കാളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്
text_fieldsവടകര: ദേശീയപാതയിൽ സെൻട്രൽ മുക്കാളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വടകരയിലെ ആശ, പാർക്കോ, സഹകരണ, ജില്ല ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആശയിൽ 13 പേരും പാർക്കോയിൽ ഏഴു പേരും സഹകരണയിൽ ഒമ്പതു പേരും ജില്ല ആശുപത്രിയിൽ രണ്ടു പേരുമാണ് ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റ സനീഷിനെയാണ് പാർക്കോ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെ.എൽ 18 ആർ 2901 ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്നു വന്ന എം.എച്ച് 09 എഫ്.എൽ 4976 ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെയും ബസിന്റെയും മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസും ലോറിയും മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രക്ഷാപ്രവർത്തനത്തിന് ചോമ്പാല പൊലീസും നാട്ടുകാരും നേതൃത്വം നൽകി.
ആശ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: സൂര്യ പയ്യോളി, രതീഷ് നടുവനാട്, കീർത്തന പ്രമോദ് കൊല്ലം കൊയിലാണ്ടി, ഹക്കീം പാൽ രാജസ്ഥാൻ, സബിഷ മൂടാടി, ബാബുരാജ് പതിയാരക്കര, ലാലിഷ് പുതുപ്പണം, അനീഷ് ആവിക്കൽ, പ്രീത കാർത്തികപ്പള്ളി, വിനിജ അഴിയൂർ, ഷാലിത മുതുവന മണിയൂർ, ധന്യ കോട്ടക്കൽ ഇരിങ്ങൽ, ബബിഷ കരിയാട്.
പാർക്കോ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: റീത്ത (58) മാഹി, അനുശ്രീ (23) മനത്താനത്ത് വില്യാപ്പള്ളി, ഷാലിനി (38) പുതുവാഴയിൽ കുനിയിൽ, നാദാപുരം റോഡ്, സുധാകരൻ (59)പടിഞ്ഞാറയിൽ എടച്ചേരി, സുബാഷ് (38) കുയ്യടിയിൽ ചെറുവണ്ണൂർ, അഷ്റഫ് (48) കുന്നംവള്ളിക്കാവ് മേപ്പയൂർ, മൊയ്തു (54) മഫ്ര (ഹൗസ്) കീഴൂർ പയ്യോളി.
സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: ശ്രീഷ്മ (31) മൊയിലോത്ത് മീത്തൽ വില്യാപ്പള്ളി, വിനിജ (37)ചെറിയത്ത് കോറോത്ത് റോഡ് അഴിയൂർ, സുവർഷ (19) ഇല്ലാറ്റിടത്തിൽ ചൊക്ലി, നിഹാരിക (16) നിഹാരിക നിവാസ് ധർമടം, ഹരീന്ദ്രൻ (56) നിഹാരിക നിവാസ് ധർമടം, ആബിദ് അലി (52) ഒ.കെ.എൻ കോട്ടേജ് തിക്കോടി, ദിനിഷ (32) കുറുങ്ങോട്ട് വില്യാപ്പള്ളി, ഹസീന (38) മീത്തലെ പറമ്പത്ത് മാക്കൂൽപീടിക, ഗിരിജ (48) മേക്കഞ്ഞിരാട്ട് ഏറാമല. ജില്ല ആശുപത്രി വടകര: മഹാരാഷ്ട്ര സ്വദേശികളായ ലോറി ഡ്രൈവർ സതീഷ് (40), ക്ലീനർ ദിലീപ് (42).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.