കോഴിക്കോട് കടപ്പുറത്ത് കച്ചവടം കളറാക്കാനുള്ള 3.4 കോടിയുടെ പദ്ധതിക്ക് അനുമതി
text_fieldsകോഴിക്കോട്: ബീച്ച് സൗന്ദര്യവത്കരണത്തിനും വെൻഡിങ് മാർക്കറ്റ് നിർമാണത്തിനുമായി കോർപറേഷൻ സമർപ്പിച്ച വിശദ പദ്ധതിരേഖക്ക് (ഡി.പി.ആർ) സർക്കാറിന്റെ ഭരണാനുമതി ലഭിച്ചു. 3.4 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന ബീച്ച് എന്ന ഘടകമാണ് പദ്ധതിക്ക് അനുമതി ലഭിക്കാനുള്ള പ്രധാന കാരണം. അവധി ദിവസങ്ങളിൽ അമ്പതിനായിരത്തിലധികം ആളുകളാണ് ബീച്ച് സന്ദർശിക്കുന്നതെന്നാണ് കണക്ക്. കൂടാതെ തദ്ദേശീയമായ വ്യത്യസ്തതരം ഭക്ഷണയിനങ്ങൾ ലഭിക്കുന്ന മാർക്കറ്റ് എന്നുള്ളതും കാരണമായി.
പദ്ധതി ചെലവിന്റെ എഴുപത് ശതമാനം ദേശീയ നഗര ഉപജീവന മിഷൻ വിഹിതമായി ലഭിക്കും. ബാക്കി തുക നഗരസഭ നൽകും. 2024 മേയ് 31നകം പദ്ധതി പൂർത്തീകരിക്കുന്ന രീതിയിലാണ് ആസൂത്രണ.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ആഭിമുഖ്യത്തിൽ ക്ലീൻ സ്ട്രീറ്റ് ഹബ് പ്രാവർത്തികമാക്കാനുള്ള ഇന്ത്യയിലെ 100 നഗരങ്ങളിലൊന്നായി കോഴിക്കോടിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ തട്ടുകടകളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ളതാണ് പദ്ധതി. തട്ടുകടകൾ മോടിപിടിപ്പിച്ച് ഗുണമേന്മയുള്ളതും ശുദ്ധമായ ഭക്ഷണം നല്കാന് മികച്ച അടിസ്ഥാന സൗകര്യം ലഭ്യമാക്കും.
അന്താരാഷ്ട്ര നിലയിലെത്താനുള്ള സൗകര്യങ്ങളൊരുക്കാൻ പ്രത്യേക പരിശീലനം നൽകും. കോര്പറേഷന് ഓഫിസ് മുതല്‍ ലയണ്‍സ് പാര്‍ക്ക് വരെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകളാണ് നവീകരിക്കുക.
ജില്ല ഭരണകൂടം, വിവിധ വകുപ്പുകള്‍ എന്നിവയുമെല്ലാമായി സംയോജിപ്പിച്ച് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി ഉയർത്തുകയാണ് ലക്ഷ്യം. പല ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് ഈ തലത്തിലേക്ക് ഉയര്‍ത്തുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ജംഷഡ്പുർ അടക്കം ദേശീയതലത്തിൽ പല നഗരങ്ങളിലും പദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.