അഞ്ചുമാസത്തിനിടെ 424 ഗാർഹിക പീഡന കേസുകൾ; ഇനി വേണ്ട, വിട്ടുവീഴ്ച
text_fieldsകോഴിക്കോട്: സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച് പെൺകുട്ടികളെ വിവാഹജീവിതത്തിലേക്ക് തള്ളിവിടുമ്പോൾ അത് പലപ്പോഴും അവരുടെ കൊലനിലങ്ങളാവുകയാണ്. 18 തികയുമ്പോഴേക്കും പെൺകുട്ടികളെ വിവാഹം ചെയ്ത് ഭാരമൊഴിവാക്കുന്ന വീട്ടുകാർ കേൾക്കുക. പൊലീസിെൻറ ക്രൈം റെക്കോഡുകൾ പ്രകാരം സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ നടന്നത് 66 സ്ത്രീധന പീഡന മരണങ്ങളാണ്.
2016ൽ 25 പേരും 2017ൽ 12 ഉം 2018ൽ 17 ഉം 2019, 2020ൽ ആറുവീതം പേരും മരിച്ചതായാണ് കണക്ക്. ഇതേ കാലയളവില്‍ രജിസ്റ്റർ ചെയ്യപ്പെട്ട സ്ത്രീധന പീഡനക്കേസുകള്‍ പതിനയ്യായിരത്തിലേറെയാണ്. ഈ വർഷം ഏപ്രിൽ വരെ ഭർത്താവും ഭർതൃ വീട്ടുകാരും പ്രതിസ്ഥാനത്തായ 1,080 കേസുകളും രജിസ്റ്റർ ചെയ്തു. ഗാർഹിക പീഡന കേസുകൾ വളരെ കൂടുതലാണ്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും വനിത സംരക്ഷണ ഓഫിസറെ നിയമിച്ചിട്ടുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിലും വനിത സംരക്ഷണ സെൽ പ്രവർത്തിക്കുന്നുണ്ട്. പരാതി ഇവരെ അറിയിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും.
കോഴിക്കോട് വനിത സംരക്ഷണ സെല്ലിന് മുമ്പാകെ എത്തുന്ന പരാതികളിൽ 25-50 പ്രായത്തിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതലെന്ന് സംരക്ഷണ ഓഫിസർ ഡോ. ലിൻസി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ, സ്വന്തമായി വരുമാനമില്ലാത്തവർ എന്നിവർ കൂടുതലായി പീഡിപ്പിക്കപ്പെടുന്നുണ്ട്. പീഡനത്തിന് സ്ത്രീധനം കാരണമാകുന്ന കേസുകൾ ജില്ലയിൽ സ്വതവേ കുറവാണ്. എന്നാൽ, ഭാര്യയുടെ സ്വർണം ഭർത്താവും വീട്ടുകാരും ദുരുപയോഗം ചെയ്യുക, അതിനു വേണ്ടിയുള്ള പീഡനങ്ങൾ തുടങ്ങിയവ നടക്കുന്നുണ്ട്. ഈ കേസുകളെല്ലാം ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ടുതന്നെയാണ് വരുന്നതെന്നും ഓഫിസർ വ്യക്തമാക്കി.
കണക്കുകൾ പരിശോധിച്ചാൽ
2019 ൽ 619 കേസുകളാണ് ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ വനിത സംരക്ഷണ സെല്ലിൽ എത്തിയത്. അതിൽ 274 പരാതികൾ നേരിട്ടും 354 എണ്ണം കോടതി വഴിയും എത്തിയതാണ്. 2020 ൽ 779 കേസുകൾ രജിസ്റ്റർ ചെയ്തു. 477 എണ്ണം നേരിട്ടും 302 കേസുകൾ മജിസ്ട്രേറ്റ് കോടതി വഴിയും. അതേസമയം, 2021 മേയ് വരെ 424 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 231 കേസുകൾ നേരിട്ടും 193 എണ്ണം കോടതി വഴിയും എത്തിയതാണ്. മാസം ശരാശരി 90 കേസുകൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്ന് ഓഫിസർ വ്യക്തമാക്കി.
പരാതിയിലെ നടപടികൾ
ഗുരുതര പരാതികളാണെങ്കിൽ ഉടൻ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്ത് സംരക്ഷണ - താമസ- ജീവനാംശ ഉത്തരവ് ലഭ്യമാകും. പൊലീസ് സഹായത്തോടുകൂടി പരാതിക്കാരിയുടെ സംരക്ഷണം ഉറപ്പുവരുത്തും. കൗൺസലിങ് കൊണ്ട് മാറുന്ന പ്രശ്നങ്ങൾക്ക് ഫാമിലി കൗൺസലിങ് ലഭ്യമാക്കും. ചെറിയ പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പാക്കാനാണ് വീട്ടുകാർ ശ്രമിക്കുന്നതെങ്കിലും ഗുരുതര പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കുടുംബം പിന്തുണ നൽകുന്നതായാണ് കണ്ടുവരുന്നതെന്നും ഓഫിസർ പറഞ്ഞു.
മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ലഭ്യമാക്കും. ഗാർഹിക പീഡനത്തിന് വിധേയയാകുന്ന ഏതു സ്ത്രീക്കും സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ സൗജന്യ നിയമസഹായം ലഭിക്കും. കൂടാതെ, കേസുമായി ബന്ധപ്പെട്ട് ആരോഗ്യസംരക്ഷണം ഉൾപ്പെടെ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാകും. ഗാർഹിക പീഡന കേസിൽ അതിജീവിക്കുന്നവർക്ക് മാത്രമായി വെങ്ങാലിയിൽ സർക്കാർ സഹായത്തോടെ സന്നദ്ധ സംഘടന നടത്തുന്ന ഷെൽട്ടർ ഉണ്ട്. ഇവിടെ രണ്ടുവർഷം വരെ താമസസൗകര്യം ലഭിക്കും. അതിനുമുമ്പ് പുനരധിവാസം സാധ്യമാക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ സർക്കാർ മഹിള മന്ദിരത്തിലേക്ക് മാറ്റും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ആവർത്തിച്ചുവരുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനും കേന്ദ്ര സഹായത്തോടെ വനിത ശിശു വികസന വകുപ്പിെൻറ കീഴിൽ സഖി വൺ സ്റ്റോപ് സെൻറർ പ്രവർത്തിച്ചുവരുന്നുണ്ട്.
വെള്ളിമാട് കുന്ന് സാമൂഹികനീതി കോംപ്ലക്സിലാണ് കോഴിക്കോട് സെൻറർ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനമാണ് സഖി. അടിയന്തര പ്രതികരണവും രക്ഷാപ്രവർത്തന സേവനങ്ങളും, വൈദ്യസഹായം, നിയമസഹായം, കൗൺസലിങ്, ഷെൽട്ടർ, വിഡിയോ കോൺഫറൻസ് സൗകര്യം എന്നിവയാണ് സെൻററിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ.
എങ്ങനെ പരാതി നൽകാം
അതിക്രമത്തിനിരയായ സ്ത്രീക്ക് നേരിട്ടോ, ഫോൺ മുഖേനയോ വനിത സംരക്ഷണ ഓഫിസറെ വിവരം അറിയിക്കാം. 181 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാലും സഹായങ്ങൾ ലഭ്യമാകും. ബന്ധു, സുഹൃത്ത്, സന്നദ്ധ പ്രവർത്തകർ, പൊലീസ്, വനിത ശിശു വികസന ഓഫിസർ, വനിത പ്രൊട്ടക്ഷൻ ഓഫിസുകൾ, വനിത ഹെൽപ് ലൈൻ മുഖേനയോ പരാതിക്കാരിക്ക് വൺ സ്റ്റോപ് സെൻററിനെ സമീപിക്കാവുന്നതാണ്. കേസ് ഫയൽ ചെയ്യണമെങ്കിലോ കൗൺസലിങ് ലഭ്യമാക്കണമെങ്കിലോ പരാതിക്കാരി സ്വയം തയാറാകണം.
സഹായം ആവശ്യമുള്ളവർക്ക് വിളിക്കാം
- നിർഭയ ടോൾ ഫ്രീ: 18004251400
- മിത്ര: 181
- കോഴിക്കോട് സഖി വൺ സ്റ്റോപ് സെൻറർ: 04952732253
- വിമൻ ഹെൽപ് ലൈൻ: 1091
- വനിത സംരക്ഷണ ഓഫിസ്: 0495 2371343
- അപരാജിത: 9497996992
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.