ചോരക്കറയുണങ്ങാതെ കോഴിക്കോട്ടെ നഗര റോഡുകൾ; ഈ വർഷം പൊലിഞ്ഞത് 45 ജീവൻ
text_fieldsകോഴിക്കോട്: നഗരപരിധിയിലെ വിവിധ റോഡുകളിൽ ഈ വർഷം പൊലിഞ്ഞത് 45 ജീവനുകൾ. സിറ്റി പൊലീസ് പരിധിയിലാണ് ഇത്രയും പേർ മരിച്ചത്. ചെറുതും വലുതുമായ 499 അപകടങ്ങളാണുണ്ടായത്.
ഇതിൽ 543 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പത്തോളം പേർ ജീവച്ഛവം പോലെ ആശുപത്രികളിൽ തന്നെ കഴിയുകയാണ്.
മരണപ്പെട്ടവരിലേറെയും പുരുഷന്മാരാണ്. ബൈപാസുകൾ, ദേശീയ പാത എന്നിവിടങ്ങളിലാണ് അപകടങ്ങളേറെയുമുണ്ടായത്. വാഹനങ്ങളുടെ അമിത വേഗവും ഓടിക്കുന്നവരുടെ അശ്രദ്ധയുമാണ് മിക്കപ്പോഴും അപകടങ്ങളുണ്ടാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിലേറെയും.
നഗരത്തിലെ വാഹനാപകടങ്ങൾ കുറക്കുന്നതിന് പൊലീസിന്‍റെ ഉൾപ്പെടെ നേതൃത്വത്തിൽ വിവിധ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു.
അപകടമരണമുണ്ടായ റോഡിലെല്ലാം പൊലീസ് പെയിന്‍റുപയോഗിച്ച് 'ചോരക്കറ' മാർക്ക് ചെയ്യുന്നതും മറ്റു ബോധവത്കരണവുമെല്ലാമായിരുന്നു കാമ്പയിനുകൾ. ഇടക്കാലത്ത് കുറഞ്ഞ അപകടങ്ങൾ വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ട്രാഫിക് നിയമ ലംഘനങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ട്. നേരിട്ട് പരിശോധനകൾ നടത്തുന്നതിനപ്പുറം വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകൾ വഴി നിരീക്ഷിച്ചും ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടപ്പിക്കലടക്കം നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ വാട്സ്ആപ് വഴി അയച്ചാൽ നടപടി സ്വീകരിക്കുന്നതടക്കമുള്ള നടപടികൾ ഇപ്പോൾ നിലച്ചമട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.