വാതകശ്മശാനങ്ങൾക്ക് അഞ്ചുകോടി
text_fieldsകോഴിക്കോട്: മാവൂർ റോഡ്, വെസ്റ്റ്ഹിൽ ശ്മശാനങ്ങളിൽ ഗ്യാസിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ കോർപറേഷൻ തീരുമാനം. കേന്ദ്ര സഹായത്തോടെയുള്ള അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തി മൊത്തം അഞ്ചുകോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇക്കാര്യത്തിൽ വ്യാഴാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും. ഈ കൊല്ലം മാർച്ച് 31നകം പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം.
ഫെബ്രുവരി 21ന് ചേർന്ന അമൃത് കോർ കമ്മിറ്റി പദ്ധതി അംഗീകരിച്ചിട്ടുണ്ട്. മാവൂർ റോഡ് ശ്മശാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കെട്ടിടനിർമാണം ഏറെക്കുറെ പൂർത്തിയായി. വൈദ്യുതിവത്കരണ ജോലികളാണ് ആരംഭിക്കാനുള്ളത്. നഗരസഭ ആഭിമുഖ്യത്തിൽ 4.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞു. 2020 സെപ്റ്റംബറിലാണ് നവീകരണം ആരംഭിച്ചത്. 2019 മാർച്ചിൽ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ നിർവഹിച്ചെങ്കിലും പണി തുടങ്ങാനായില്ല. കരാർ നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ ഒരു കൊല്ലം പണി മുടങ്ങാൻ കാരണമായി. ശ്മശാനത്തിൽ പരമ്പരാഗത സംസ്കരണം നിർത്തിയപ്പോഴുള്ള പ്രതിഷേധങ്ങളും കോവിഡ് നിയന്ത്രണങ്ങളും വെള്ളപ്പൊക്കവുമെല്ലാം പണി നീളാൻ കാരണമായി.
തൊട്ടടുത്ത വൈദ്യുതി ശ്മശാനവും ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ശ്മശാനത്തിനായുള്ള 5250 ചതുരശ്ര അടി കെട്ടിടത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അനുബന്ധ ജോലികളാണ് പുരോഗമിക്കുന്നത്. ഇലക്ട്രിക് ശ്മശാനം മാത്രം നിലനിർത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ് പണി നടക്കുന്നത്. പ്രധാന പ്രശ്നമായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ തറ ഒരു മീറ്ററിലധികം ഉയർത്തിയാണ് പണിയുന്നത്. നൂതന സാങ്കേതിക വിദ്യയിൽ സംസ്കാരം നടത്താൻ മൂന്ന് ഗ്യാസ് ചൂളകളോടു കൂടിയ ശ്മശാനമാണ് പണിയുന്നത്.
വൈദ്യുതി ശ്മശാനവും വാതകശ്മശാനവും നിലച്ചതോടെ മാവൂർ റോഡ് ശ്മശാനത്തിലെ ശവസംസ്കാരം പൂർണമായി നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് ഇപ്പോൾ നഗരത്തിൽ സംസ്കാരം പ്രധാനമായി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.