നഗരസഭക്ക് 60 ; ഒരുവർഷം ആഘോഷം
text_fieldsകോഴിക്കോട്: നഗരസഭയുടെ 60ാം വാർഷികം വിപുലമായി ആഘോഷിക്കാൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ പ്രത്യേക യോഗം അംഗീകാരം നൽകി. ജനുവരി 13ന് വൈകീട്ട് ആറിന് തദ്ദേശമന്ത്രി എം.ബി. രാജേഷ് ഒരുവർഷത്തെ ആഘോഷപരിപാടികൾ ടാഗോർഹാളിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഡെപ്യൂട്ടി മേയർ കൗൺസിലിൽ അറിയിച്ചു.
ആഘോഷ പരിപാടികളെപ്പറ്റി കൂടിയാലോചിക്കാൻ ആറിന് വൈകീട്ട് അഞ്ചിന് ടാഗോർ ഹാളിൽ സംഘാടകസമിതി യോഗംചേരും. കൗൺസിലർമാർ, മുൻ കൗൺസിലർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെല്ലാം പങ്കെടുക്കും. മേയറുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപവത്കരിക്കും. സംഘാടകസമിതി രൂപവത്കരിക്കാനും കൗൺസിൽ അംഗീകാരം നൽകി.
ബ്രിട്ടീഷ് അധികാരകോയ്മക്കെതിരെ പ്രമേയം പാസാക്കിയതിന് കൗൺസിൽ പിരിച്ചു വിട്ട ചരിത്രമുള്ള കോഴിക്കോട് നഗരസഭ 1962 നവംബർ ഒന്നിനാണ് കോർപറേഷനായി മാറിയത്. പിന്നീട് 2010ൽ ബേപ്പൂരും ചെറുവണ്ണൂരും എലത്തൂരും പഞ്ചായത്തുകൾ ചേർത്ത് വികസിപ്പിച്ചു.
1962 മുതൽ നിരവധി പ്രമുഖർ അംഗങ്ങളായിട്ടുള്ള കോർപറേഷൻ നഗരവികസനത്തിന് നിരവധിയായ മാതൃകകൾ ആവിഷ്കരിച്ച നഗരം കൂടിയാണ്. 60 വർഷത്തെ കോർപറേഷൻ വികസനചരിത്രവും കോഴിക്കോടിന്റെ സാംസ്കാരിക, വാണിജ്യ പാരമ്പര്യവും പുതുതലമുറയുമായി പങ്കുവെക്കുന്നതിനും നഗരവാസികളുടെ ഉത്സവമാക്കി മാറ്റുന്നതിനും 60ാം വാർഷികം സമുചിതമായി ആഘോഷിക്കണമെന്ന് കൗൺസിൽ തീരുമാനിച്ചു.
സെമിനാറുകൾ, എക്സിബിഷൻ, സ്മരണിക, മുൻ ജനപ്രതിനിധികളുടെ സംഗമം, കലാകായിക മത്സരങ്ങൾ, വജ്രജൂബിലി സ്മാരകം തുടങ്ങി വിവിധ ആഘോഷപരിപാടികളാണ് വജ്രജൂബിലി ഭാഗമായി സംഘടിപ്പിക്കുക.
• മേയറുടെ പരാതി പരിഹാരസഭ
കോർപറേഷൻ ഓഫിസിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളും പരാതികളും പുതിയ പരാതികളും സ്വീകരിക്കുന്ന മേയറുടെ പരാതി പരിഹാരസഭ ഫെബ്രുവരി നാലിന് ടാഗോർഹാളിൽ നടത്താൻ കൗൺസിൽ അംഗീകാരം നൽകി. ജനുവരി 20ന് മുമ്പ് പുതിയ അപേക്ഷകളും നേരത്തേയുള്ള അപേക്ഷകളും നൽകണം.
മേഖല ഓഫിസുകളിലേതടക്കം 75 വാർഡിലെയും പ്രശ്നങ്ങൾ പരിഗണിക്കും. സംസ്ഥാന സർക്കാറിന്റെ തൊഴിൽദാന പദ്ധതികളുടെ ഭാഗമായി തൊഴിൽസഭകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശമന്ത്രി എം.ബി. രാജേഷും ഓൺലൈനായി പങ്കെടുക്കുന്ന യോഗം രാവിലെ 10.30ന് കോർപറേഷൻ കൗൺസിൽ ഹാളിൽ ചേരുമെന്നും ഡെപ്യൂട്ടി മേയർ കൗൺസിലിൽ അറിയിച്ചു.
വീട് പുനരുദ്ധാരണ പദ്ധതിയിൽ ഗുണഭോക്താക്കളെ കുറച്ചതിൽ അംഗങ്ങൾ ആശങ്കപ്രകടിപ്പിച്ചു. അഞ്ചെണ്ണം വീതമെങ്കിലും ഓരോ വാർഡിലും അനുവദിക്കണമെന്ന അംഗങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് ഡെപ്യൂട്ടി മേയറും സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജനും പറഞ്ഞു. ഇത്തവണ 250 പേർക്ക് വീട് നന്നാക്കാനാണ് തുക വകയിരുത്തിയത്.
കഴിഞ്ഞ തവണ 375 പേർക്ക് പണം വകയിരുത്തിയിട്ടും 146 അർഹരായവരെയാണ് കണ്ടെത്തിയതിനാലാണ് ഇത്തവണ കുറച്ചത്. ഗുണഭോക്താവിന് ഒരു ലക്ഷം വരെയാണ് കിട്ടുക. അധികം പേർക്ക് നൽകുമ്പോഴുള്ള ചെലവ് ഉപയോഗിക്കാത്ത പദ്ധതിയിൽനിന്ന് വകമാറ്റാമെന്നും ധാരണയായി. എം.സി. സുധാമണി, ടി. റനീഷ്, എൻ. ശിവപ്രസാദ്, കെ. റംലത്ത്, നവ്യ ഹരിദാസ്, സി.എസ്. സത്യ ഭാമ എന്നിവർ സംസാരിച്ചു.
• യു.ഡി.എഫ്-എൽ.ഡിഎഫ് ചർച്ചയിൽ ധാരണ
കോർപറേഷൻ കൗൺസിലിൽ പരസ്പരം ബഹുമാനത്തോടെ പ്രവർത്തിക്കാൻ എൽ.ഡി.എഫ്-യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാക്കളുടെ ചർച്ചയിൽ തീരുമാനമായി. സംഘർഷങ്ങളുടെ ഭാഗമായി കഴിഞ്ഞ പ്രത്യേക കൗൺസിൽ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ച സാഹചര്യത്തിലായിരുന്നു മേയർ ഡോ. ബീന ഫിലിപ്പിന്റെ ചേംബറിൽ ചർച്ച നടന്നത്.
എന്നാൽ, സംഘർഷവുമായി ബന്ധപ്പെട്ട കേസ് ഇരു മുന്നണികളും രാഷ്ട്രീയമായി നേരിടും. കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, ഒ. സദാശിവൻ, പി. ദിവാകരൻ, പി.കെ. നാസർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.