കോഴിക്കോട് ജില്ലയിലെ 63 എ.ഐ കാമറകൾ ‘പണിതുടങ്ങി’; ആദ്യദിനം 1550 കേസ്
text_fieldsകോഴിക്കോട്: ഗതാഗത നിയമലംഘനങ്ങള് പിടികൂടാനുള്ള നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ) കാമറകൾ ജില്ലയിലും ‘പണിതുടങ്ങി’. ആദ്യദിനം 1550 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പിഴയടക്കാനുള്ള നോട്ടീവ് വരും ദിവസങ്ങളിൽ ബന്ധപ്പെട്ടവർക്ക് ലഭിച്ചുതുടങ്ങും.
കേസുകളിൽ കൂടുതലുംസീറ്റ് ബെൽറ്റ് ധരിക്കാത്തവയാണെന്നും കാമറ പ്രവർത്തനം തുടങ്ങിയതോടെ ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം കൂടിയെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയുള്ള കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത്രയും നിയമലംഘനങ്ങളിൽ പിഴചുമത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 63 കാമറകളാണ് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചത്. നിയമലംഘനങ്ങൾ കൃത്യതെളിവുകൾ സഹിതമാണ് കാമറകൾ പകർത്തുന്നത്. ഇത് തിരുവനന്തപുരത്തെ കേന്ദ്രീകൃത സർവറിൽ ആദ്യം സ്റ്റോറാവും. തുടർന്ന് ചേവായൂരിലെ ജില്ല കൺട്രോൾ റൂമിലേക്ക് ലഭ്യമാക്കും. ഇവിടെ നിയോഗിക്കപ്പെട്ട കെൽട്രോണിലെ 10 ജീവനക്കാരാണ് നിയമലംഘനങ്ങളിൽ വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമക്ക് പിഴയടക്കാനുള്ള നോട്ടീസ് അയക്കുന്നത്.
ഗതാഗത നിയമലംഘനത്തിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് എസ്.എം.എസ് വരുന്നതിനുപുറമെയാണ് നോട്ടീസും അയക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ‘സേഫ് കേരള’ എന്ന പേരിലാവിഷ്കരിച്ച പദ്ധതിയിൽ സംസ്ഥാനത്താകെ 726 കാമറകളാണ് സ്ഥാപിച്ചത്. ഇതിൽ 692 കാമറകളാണ് തിങ്കളാഴ്ച മുതൽ ‘പിഴയിട്ട്’ തുടങ്ങിയത്.
ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യൽ, ലൈൻ മറികടന്നുള്ള ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കാമറകൾ പ്രധാനമായും പിടികൂടുന്നത്. നോട്ടീസ് ലഭിക്കുന്നവർക്ക് രണ്ടാഴ്ചയാണ് അപ്പീൽ നൽകുന്നതിനുള്ള സമയം.
ജില്ല എൻഫോഴ്സ്മെന്റ് അതോറിറ്റിക്ക് നൽകുന്ന പരാതിയിൽ, കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യമാകുന്നപക്ഷം പിഴ നോട്ടീസ് റദ്ദാക്കാൻ ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒക്ക് അധികാരമുണ്ട്. പിഴ നോട്ടീസ് ലഭിക്കുന്നവർക്ക് ഓൺലൈനായും ആർ.ടി ഓഫിസുകളിൽ നേരിട്ടെത്തിയും തുക അടക്കാം. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, ദുരന്തനിവാരണ വിഭാഗം എന്നിവക്ക് ഇളവുണ്ട്.
ജാഗ്രതൈ, എ.ഐ കാമറകൾ ഇവിടങ്ങളിലുണ്ട്...
നല്ലളം, ബേപ്പൂർ, നല്ലൂർ, മാത്തോട്ടം, കല്ലായി, വൈദ്യരങ്ങാടി, ലിങ്ക്റോഡ്, പാവമണി റോഡ്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, നരിക്കുനി, ആനക്കുഴിക്കര, കാവിൽ, രാമനാട്ടുകര, ചേവരമ്പലം, വെള്ളിമാട്കുന്ന്, കുന്ദമംഗലം, പാവങ്ങാട്, മുക്കം, കട്ടാങ്ങൽ, പൂനൂർ, മദ്റസ ബസാർ, പൂളാടിക്കുന്ന്, പന്തീരാങ്കാവ്, പുത്തൂർമഠം, വട്ടക്കുണ്ടുങ്ങൽ, കരിക്കാംകുളം, നന്മണ്ട, എരക്കുളം, താഴെ ഓമശ്ശേരി, ബാലുശ്ശേരി, വട്ടോളി ബസാർ.
ഉള്ള്യേരി, പുറക്കാട്ടിരി, ഈങ്ങാപ്പുഴ, കോരപ്പുഴ, നടുവണ്ണൂർ, പയ്യോളി ബീച്ച്, കീഴൂർ, മേപ്പയൂർ, തിരുവങ്ങൂർ, കക്കാട്, പന്നിമുക്ക്, പേരാമ്പ്ര, സാൻഡ് ബാങ്ക്, തിരുവള്ളൂർ, കൂത്താളി, വടകര പഴയ ബസ് സ്റ്റാൻഡ്, പെരുവട്ടം, വില്യാപ്പള്ളി, പാലേരി കുയിമ്പിൽ, ചെറിയകുമ്പളം, പൈക്കളങ്ങാടി, കാപ്പാട്, കക്കട്ടിൽ, മേപ്പയിൽ, നാദാപുരം, കല്ലാച്ചി, ചേറ്റുവീട്ടിൽ, എരഞ്ഞിപ്പാലം, കുറ്റ്യാടി, ഓർക്കാട്ടേരി, എടച്ചേരി.
നിയമലംഘനങ്ങളിൽ പിഴ
- മൊബൈലിൽ സംസാരിച്ചുള്ള ഡ്രൈവിങ് -2000
- അമിത വേഗത -1500
- ഇരുചക്ര വാഹനത്തിൽ രണ്ടിലധികംപേർ യാത്ര ചെയ്യൽ -1000
- സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ -500
- ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യൽ -500
- അനധികൃത പാർക്കിങ് -250
- റെഡ് സിഗ്നൽ ലംഘനം: പിഴ കോടതി വിധിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.