ജില്ലയില്‍ പുതിയ 73 പോളിങ് സ്റ്റേഷനുകള്‍
text_fieldsകോഴിക്കോട്: ജില്ലയില്‍ പുതിയതായി 73 പോളിങ് സ്റ്റേഷനുകള്‍ കൂടി അനുവദിച്ചു. ഇതോടെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 2303 ആയി ഉയര്‍ന്നു. വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍ 2025 നോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് നിരീക്ഷകന് എസ്. ഹരികിഷോറിന്റെ നേതൃത്വത്തിൽ നടന്ന അവലോക യോഗത്തിൽ കലക്ടർ സ്നേഹിൽ കുമാർ സിങ് ആണ് ഇക്കാര്യം അറിയിച്ചത്.
വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഇലക്ടറല്‍ റോള്‍ ഓഫിസര്‍മാര്‍ക്ക് വോട്ടര്‍ പട്ടിക നിരീക്ഷകന് എസ്. ഹരികിഷോര്‍ നിർദേശം നല്കി. കരട് പട്ടികയുമായി ബന്ധപ്പെട്ട് പുതുതായി ലഭിച്ച തിരുത്തലുകള്‍, ചേര്ക്കലുകള്, ഒഴിവാക്കലുകള്‍ തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, വടകര ആർ.ഡി.ഒ ഷാമിന് സെബാസ്റ്റ്യന്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ശീതള്‍ ജി. മോഹന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. ഹിമ, ഇ. അനിതകുമാരി, പി.പി. ശാലിനി, എം. നിസാം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.വി. നിര്മലന് (സി.പി.എം), പി.എം. അബ്ദുല്‍ റഹ്മാന് (ഐ.എന്‍സി), കെ.എം. പോള്‍സണ്‍ (കേരള കോണ്‍ഗ്രസ് എം), ഒ.പി. അബ്ദുല്‍ റഹ്മാന്, എം.കെ. അബൂബക്കര്‍ ഹാജി (ഐ.എൻ.എല്‍), പി.ടി. ആസാദ് (ജനതാദള്‍ എസ്), തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.