കോഴിക്കോട് ജില്ലയിൽ 97 കോടിയുടെ വികസന പദ്ധതികൾക്ക് കളമൊരുങ്ങി
text_fieldsകോഴിക്കോട്: നവീന ആശയങ്ങളുമായി 96.97 കോടി രൂപയുടെ 2024-25ലെ വാർഷിക കരട് പദ്ധതിക്ക് ജില്ല പഞ്ചായത്ത് വികസന സെമിനാർ രൂപം നൽകി. കരട് പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ലൈഫ് ഭവന പദ്ധതിക്കാണ്. ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണവും പുത്തൻ സംരംഭങ്ങളും ഉൾപ്പെടെ കാർഷിക മേഖലക്കായി നിരവധി പദ്ധതികളുണ്ട്.
സമഗ്ര നാളികേര വികസന പദ്ധതി, കൈപ്പാട് കൃഷി പ്രോത്സാഹിപ്പിക്കൽ, വന്യമൃഗശല്യം തടയുന്നതിന് വനാതിർത്തികളിൽ സൗരോർജ വേലി സ്ഥാപിക്കൽ തുടങ്ങി നിരവധി പദ്ധതികളാണ് കാർഷിക മേഖലയിൽ ഒരുങ്ങുന്നത്. അഞ്ചുവർഷം കൊണ്ട് ജില്ലയെ തരിശുരഹിത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടിയായ കതിരണി പദ്ധതി വിപുലമായി നടപ്പാക്കും. ഉൾനാടൻ മത്സ്യബന്ധനം ടൂറിസവുമായി കൂട്ടിയോജിപ്പിച്ച് പദ്ധതി രൂപവത്കരിക്കും.
മത്സ്യ വിപണന- സംസ്കരണത്തിന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനായി ‘ഫാം ടു ഹോം പദ്ധതി’ നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്. കോഴിക്കോടിനെ വയോജന സൗഹൃദ ജില്ലയാക്കി മാറ്റും. പൊതുഇടങ്ങൾ സ്ത്രീ സൗഹൃദമാക്കും. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ കൗൺസിൽ രൂപവത്കരിച്ച് ദേശീയ, അന്തർ ദേശീയ മത്സര പരീക്ഷകൾക്ക് അക്കാദമിക പിന്തുണ നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. ജില്ലയെ കാർബൺ ന്യൂട്രൽ ആക്കുന്നതിനുള്ള പദ്ധതി രൂപവത്കരിക്കും.
ഹാപ്പിനസ് പാർക്ക് നിർമാണം, സമഗ്ര കായിക വികസനത്തിനുള്ള പദ്ധതി, ഫാം ടൂറിസം വിപുലീകരണം, വിദ്യാലയങ്ങളിൽ സംരംഭകത്വ പരിശീലന കേന്ദ്രം തുടങ്ങിയവയും വാർഷിക കരട് പദ്ധതിയിലുണ്ട്. തനതു വരുമാന വർധനയും ലക്ഷ്യമാണ്. ലൈഫ് ഭവന പദ്ധതിക്കായി 9.59 കോടി രൂപ വകയിരുത്തും.
വനിത ഘടക പദ്ധതികൾക്കായി 4.10 കോടി രൂപയും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജൻഡർമാർക്കും വയോജനങ്ങൾക്കുമായി 2.05 കോടി വീതം വകയിരുത്തും. 10.31 കോടിയുടെ ഉൽപാദന മേഖലയിലെ പദ്ധതികളും ലക്ഷ്യമിട്ടിട്ടുണ്ട്.
വികസന സെമിനാർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ‘വികസന സമീപനം’ വികസന സമിതി അധ്യക്ഷ വി.പി. ജമീലയും ‘നൂതന പദ്ധതികൾ, ആശയങ്ങൾ’ ജില്ല ആസൂത്രണ സമിതിയംഗം എ. സുധാകരനും അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് സ്വാഗതവും സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു.
പ്രധാന പദ്ധതി നിർദേശങ്ങൾ
- പഞ്ചായത്തുകളിൽ മിനി വ്യവസായ എസ്റ്റേറ്റ്
- കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിന് ഫാം ടു ഹോം പദ്ധതി
- കൃഷി അനുബന്ധ വ്യവസായങ്ങളും മൂല്യവർധിത
- ഉൽപന്നങ്ങൾക്കായി സംരംഭങ്ങളും
- ജില്ലയിൽ ഫാം ടൂറിസം ശൃംഖല
- തരിശുഭൂമിയിൽ മില്ലറ്റ് കൃഷി
- ഐ.ടി, അഗ്രി ഇൻക്യുബേഷൻ സെന്ററുകൾ
- ട്രാൻസ്ജൻഡേഴ്സിനായി സംരംഭങ്ങൾ
- അതിദരിദ്രർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി
- പണിയ കാട്ടുനായ്ക്ക വിഭാഗങ്ങൾക്കായി സമഗ്ര പദ്ധതി
- പൊതു ഇടങ്ങളിൽ സാനിറ്ററി കോംപ്ലക്സുകളും
- മാലിന്യ ശേഖരണ കേന്ദ്രങ്ങളും
- പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ്
- ബ്ലോക്കിൽ ഒരു വിദ്യാലയത്തിലെങ്കിലും ഇന്നൊവേഷൻ ലാബും സെമിനാർ ഹാളുകളും
- സ്വകാര്യ പങ്കാളിത്തത്തോടെ സ്കൂളിൽ നീന്തൽക്കുളവും സ്പോർട്സ് കോംപ്ലക്സുകളും ജിംനേഷ്യവും
- വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ മുന്നറിയിപ്പിനായി ജാഗ്രത നിർദേശ സംവിധാനം
- ജെൻഡർ പാർക്ക്, വയോജന പാർക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.