പരിശോധിച്ചത് 98 ഷവർമ കടകൾ; വില്ലൻ മയോണൈസ് നിർമാണം
text_fieldsകോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളിൽ. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്നു കടകൾ അടച്ചുപൂട്ടുകയും 23 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതിന് പുറമെ അഞ്ചു കടകൾക്ക് പിഴ ചുമത്തി.
ഷവർമ കടകളിലെ പ്രധാന പ്രശ്നം മയോണൈസിന്റെ തെറ്റായ നിർമാണരീതിയാണെന്ന് അധികൃതർ പറഞ്ഞു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്നു മുതൽ 3.5 മിനിറ്റ് വരെ 60-65 ഡിഗ്രി ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് ഷവർമ നിർമിക്കേണ്ടത്. ഷവർമ ഉണ്ടാക്കുന്നവരുടെ മെഡിക്കൽ ഫിറ്റ്നസും നിയമം കർശനമായി നിർദേശിക്കുന്നു.
ഷവർമ പാർസലായി നൽകുന്ന വേളയിൽ ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്ന ലേബൽ പതിച്ചായിരിക്കണം നൽകേണ്ടത്. ഷവര്‍മ തയാറാക്കുകയും വില്പന നടത്തുകയും ചെയ്യുമ്പോൾ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ സംബന്ധമായ മാർഗനിർദേശങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം. ജില്ലയിൽ കോഴിക്കോട് നഗരത്തിലാണ് കൂടുതൽ ഷവർമ കടകൾ പ്രവർത്തിക്കുന്നത്.
ഭക്ഷ്യസുരക്ഷ വകുപ്പ് ഷവർമ നിർമാണത്തിന് നൽകുന്ന മാർഗനിർദേശങ്ങൾ
- ഷവർമ സ്റ്റാൻഡിൽ കോണിൽനിന്നുള്ള ഡ്രിപ് ശേഖരിക്കാനുള്ള ട്രേ ഉണ്ടാവണം
- കത്തി വൃത്തിയുള്ളതും അണുമുക്തവുമാകണം
- പെഡൽകൊണ്ട് നിയന്ത്രിക്കുന്ന വേസ്റ്റ് ബിന്നുകൾ ആകണം
- ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ കാപ്, കൈയുറ, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിക്കണം
- ഷവർമ കോൺ ഉണ്ടാക്കിയശേഷം ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം
- കോണിലുള്ള ഇറച്ചി ആവശ്യമായ സമയം വേവിക്കണം. എത്ര ബർണറാണോ ഉള്ളത്, അത് മുഴുവൻ പ്രവർത്തിപ്പിക്കണം
- കോണിൽനിന്ന് മുറിച്ചെടുക്കുന്ന ഇറച്ചി വീണ്ടും ബേക് ചെയ്തോ ഗ്രിൽ ചെയ്തോ (സെക്കൻഡറി കുക്കിങ്) മാത്രം നൽകണം
- ഉൽപാദിപ്പിച്ച മയോണൈസ് അന്തരീക്ഷ ഊഷ്മാവിൽ രണ്ടു മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്
- ഷവർമക്ക് ഉപയോഗിക്കുന്ന പച്ചക്കറികൾ ക്ലോറിൻ ലായനിയിൽ കഴുകി വൃത്തിയാക്കണം
- നാലു മണിക്കൂർ തുടർച്ചയായ ഉൽപാദനശേഷം കോണിൽ ബാക്കിവരുന്ന ഇറച്ചി ഉപയോഗിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.