കക്കാടംപൊയിലിൽ നെൽപൊട്ടൻ ഇനത്തിൽപ്പെട്ട പക്ഷി
text_fieldsകക്കാടംപൊയിൽ: ഉയർന്ന പുൽമേടുകളിൽ പ്രജനനം നടത്തുന്ന തദ്ദേശ ഇനത്തിൽപ്പെട്ട പക്ഷിവർഗമായ നെൽപൊട്ടൻ വിഭാഗത്തിലെ പക്ഷിയെ കക്കാടംപൊയിലിലെ കുരിശുമലയിൽനിന്നു കണ്ടെത്തി. പക്ഷിനിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫർമാരുമായ അബ്ദുല്ല പറമ്പാട്ടും ഹസനുൽ ബസരിയുമാണ് പക്ഷിനിരീക്ഷണ യാത്രക്കിടെ പക്ഷിയെ കണ്ടെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യയിലെയും ആസ്ട്രേലിയയിലെയും പുൽമേടുകളിൽ കാണപ്പെടുന്ന നെൽപൊട്ടന്റെ ഒരുതരം ഉപവിഭാഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. മുഖ്യമായും ചെറിയ പ്രാണികളെയും പുൽച്ചാടികളെയും ആഹാരമാക്കുന്നവയാണ് ഇവ.
ആൺപക്ഷിയുടെ തല സ്വർണക്കളറും പെൺപക്ഷിയുടെ തലയിൽ കറുത്ത വരകളും കാണപ്പെടുന്നു. നിരന്തരം ശബ്ദമുണ്ടാക്കുന്ന ഇവയെ ശബ്ദംകൊണ്ടും തിരിച്ചറിയാൻ സാധിക്കും. കേരളത്തിൽ നേരത്തെ ഇവയെ വയനാടൻ കുന്നുകളിൽനിന്നും കാസർകോട് റാണിപുരത്തുനിന്നും കണ്ണൂർ പൈതൽ മലയിൽനിന്നും കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പാലക്കാട് ചുരത്തിന്റെ തെക്കൻ പശ്ചിമഘട്ട മലനിരകളിലെ പുൽമേടുകളിൽ ഇവയെ കാണുന്നില്ല. പക്ഷിവിവരണ പോർട്ടലായ ഇ ബേർഡ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ റിപ്പോർട്ടാണ് ഇതെന്ന് പക്ഷി നിരീക്ഷകനായ വി.കെ. മുഹമ്മദ് ഹിറാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.