പെൺകുട്ടിയെ പീഡിപ്പിച്ച് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന കേസ്; പ്രതികളെ വിട്ടയച്ചു
text_fieldsകോഴിക്കോട്: ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ പ്രതികളെ വിട്ടയച്ചു. നടുവണ്ണൂർ കാവിൽ കുറ്റിക്കണ്ടി മുഹമ്മദ് ജാസീം, കിണാശ്ശേരി കെ.പി. ഹൗസിൽ അലി അക്ബർ എന്നിവരെയാണ് സ്പെഷൽ അഡീഷനൽ സെഷൻസ് ജഡ്ജ് (പോക്സോ-ഫാസ്റ്റ് ട്രാക്) കെ. പ്രിയ വിട്ടയച്ചത്.
പ്രതികൾക്കു വേണ്ടി അഡ്വ. ഷഹീർ സിങ്, അഡ്വ. പി. രാജീവ് എന്നിവർ ഹാജരായി. മതപരിവർത്തന ശ്രമമുണ്ടായെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത് വിവാദമായിരുന്നു. കാമ്പസ് പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മതപരിവർത്തന ശ്രമമായി ചിത്രീകരിച്ച് സ്പർധ വളർത്താനുള്ള ശ്രമമാണെന്ന് പരാതി ഉയർന്നിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കുട്ടിയുടെ പിതാവ് പരാതി നൽകുകയും ദേശീയ സുരക്ഷ സേന കേസിലെ അന്വേഷണ വിവരങ്ങൾ ആരായുകയുമുണ്ടായി. നിർബന്ധിത മതപരിവർത്തന കേസ് അന്വേഷിക്കുന്ന എൻ.ഐ.എയുടെ പ്രത്യേക വിഭാഗമാണ് പെൺകുട്ടിയിൽനിന്നും പൊലീസിൽനിന്നും വിവരമാരാഞ്ഞത്.
നഗരത്തിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിൽനിന്ന് പെൺകുട്ടിയെ 2019 ജൂലൈ 19ന് സരോവരം ബയോപാർക്കിൽ എത്തിച്ച ഒന്നാം പ്രതി, സുഹൃത്ത് അലി അക്ബറിന്റെ സഹായത്തോടെ പീഡിപ്പിച്ചുവെന്നും നഗ്ന വിഡിയോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമാണ് കേസ്. പെൺകുട്ടിയെ തന്റെ മതത്തിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നും അല്ലെങ്കിൽ നഗ്ന ഫോട്ടോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും പരാതിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.