ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കാൻ വിപുലമായ പദ്ധതി
text_fieldsകോഴിക്കോട്: കോർപറേഷൻ നടപ്പിലാക്കുന്ന ‘അഴക്’ ശുചിത്വ പ്രോട്ടോകോൾ പദ്ധതിയുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനായി വിവിധ മാലിന്യ സംസ്കരണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ടാഗോർ ഹാളിൽ നടന്നു.
ഈ വർഷം 56,327 വിവിധതരം മാലിന്യ സംസ്കരണ ഉപകരണങ്ങളാണ് 21.52 കോടി രൂപ ചെലവിൽ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി റിങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ബൊക്കാഷി ബക്കറ്റ്, ജീബിൻ, ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് വിതരണം ചെയ്യുന്നത്.
വാർഡ് സഭ മുഖേന തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് മാലിന്യ സംസ്കരണ ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ നൽകി വീടുകളിലെ ജൈവമാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്.
മുഴുവൻ വീടുകളിലും ഇത്തരത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിച്ചാൽ കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്നം പൂർണമായും പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.
പോർട്ടബിൾ ബയോഗ്യാസിന്റെ വില 14436 രൂപയാണെങ്കിലും 4616 രൂപ ഗുണഭോക്താവ് അടച്ചുകഴിഞ്ഞാൽ ബാക്കി തുക സബ്സിഡിയായി കോർപറേഷൻ നൽകും. ജീ-ബിൻ ത്രീബിൻ സിസ്റ്റത്തിന് 425 രൂപ, (യഥാർഥ വില 4247 രൂപ), ബൊക്കാഷി ബക്കറ്റിന് 278 രൂപ, (2783 രൂപ), പൈപ്പ് കമ്പോസ്റ്റിനു 111 രൂപ, (1113 രൂപ), റിങ് കമ്പോസ്റ്റിനു 210 രൂപ (2100 രൂപ) എന്നിങ്ങനെയാണ് ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടത്.
പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് അതത് ഹെൽത്ത് സർക്കിൾ ഓഫിസിലെത്തി ഗുണഭോക്തൃ വിഹിതം അടക്കാം. പദ്ധതി മുഖേന ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ആവശ്യമുള്ളവർ കൗൺസിലർമാരുമായോ അടുത്തുള്ള ഹെൽത്ത് സർക്കിൾ ഓഫിസുമായോ ബന്ധപ്പെടണം. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മേയർ ഡോ. എം. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
മാലിന്യ സംസ്കരണം സംസ്കാരമായി രൂപപ്പെടണമെന്നും പൗരബോധം അത്തരത്തിലേക്ക് ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി പദ്ധതി വിശദീകരണം നടത്തി.
ജൈവമാലിന്യ സംസ്കരണ സംവിധാനം ഫലപ്രദമായി പരിപാലിക്കുന്നതിനായി ഓരോ വാർഡിലെയും ഹരിത കർമസേന അംഗങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഗ്രീൻ ടെക്നീഷ്യന്മാരുടെ പ്രഖ്യാപനം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ നിർവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ പി. ദിവാകരൻ, പി.സി. രാജൻ, കൃഷ്ണകുമാരി, പി.കെ. നാസർ, കൗൺസിലർമാരായ ഒ. സദാശിവൻ, ഡോ. അജിത, എൻ.സി. മോയിൻകുട്ടി, എസ്.എം. തുഷാര, ജോയന്റ് ഡയറക്ടർ ഇൻചാർജ് പി. പ്രസാദ്, ശ്രീകല, ജിതിൻ ടി.വി.എസ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഓഫിസർ ഡോ. ശശികുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.