എ.ഐ ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതി കൗശൽഷായെ തിഹാർ ജയിലിൽനിന്ന് ഇന്ന് കോഴിക്കോട് എത്തിക്കും
text_fieldsകോഴിക്കോട്: ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓൺലൈനായി പണം തട്ടിയ കേസിലെ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗശൽഷായെ (53) ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ പാർപ്പിച്ച ഇയാളെ ജയിലധികൃതരാണ് സി.ജെ.എം കോടതിയിൽ ഹാജരാക്കുക.
നേരത്തേ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയ പ്രതിയെ കോഴിക്കോട്ടെ കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി കഴിയുന്നതിനാൽ പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിക്കുകയായിരുന്നു. തെളിവെടുപ്പിനും വിശദമായി ചോദ്യം ചെയ്യാനും പ്രതിയെ വിട്ടുനൽകണമെന്ന് കേസന്വേഷിക്കുന്ന സൈബർ പൊലീസ് നേരത്തേ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജനുവരി 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പ്രതിയെ തിഹാർ ജയിലിൽ പോയി ചോദ്യം ചെയ്യുന്നതിന് കോടതി അനുമതിയും നൽകിയിട്ടുണ്ട്. നേരിട്ട് ഹാജരാക്കുന്ന പശ്ചാത്തലത്തിൽ പ്രതിയെ സൈബർ പൊലീസിന് കസ്റ്റഡിയിൽ നൽകുമോ എന്ന കാര്യവും കോടതി ബുധനാഴ്ച തീരുമാനിച്ചേക്കും. പ്രതിയുമായി തിഹാർ ജയിലധികൃതർ കോഴിക്കോട്ടേക്ക് പുറപ്പെട്ടതായി സൈബർ പൊലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിട്ടുണ്ട്.
കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് കഴിഞ്ഞ ജൂലൈയിൽ കൗശൽഷാ ഉൾപ്പെട്ട സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്. മുമ്പ് ഒപ്പം ജോലി ചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് പരിചയപ്പെടുത്തി വിഡിയോകോളിൽ വന്ന്, ഭാര്യ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്ക്ക് അയക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. കേസിലെ മറ്റുപ്രതികൾ നേരത്തേ പിടിയിലായി. നഷ്ടമായ പണവും പരാതിക്കാരന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.