സുൽത്താനുമൊത്തുള്ള അനർഘ നിമിഷങ്ങൾ പങ്കുവെച്ച് ഒരു ഡോക്ടർ
text_fieldsകോഴിക്കോട്: ‘ആ സ്നേഹം അനുഭവിച്ചവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. എന്നെ അത്രയും ഇഷ്ടമായിരുന്നു’ -സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിനെ അവസാനകാലത്ത് ചികിത്സിച്ചിരുന്ന ഡോക്ടർ സുനിലയുടേതാണ് വാക്കുകൾ. ജീവിതത്തിന്റെ അവസാന കാലത്ത് കടുത്ത ആസ്ത്മ അദ്ദേഹത്തെ അലട്ടിയിരുന്നു. 1992-93 കാലത്താണ് ബഷീർ പ്രകൃതിചികിത്സയിൽ അഭയം തേടിയത്.
അന്ന് ഭർത്താവ് ഡോ. രാധാകൃഷ്ണനൊപ്പം തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയത്തിൽ നാച്ചുറൽ ഹൈജീനിസ്റ്റായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ടി.പി. സുനില. ബഷീറിനെ ചികിത്സിക്കാനായി തിരൂരിൽനിന്ന് വൈലാലിലേക്ക് ദിവസവും യാത്രചെയ്യും.
ചില ദിവസങ്ങളിൽ തന്റെ രണ്ടുവയസ്സായ മകളുമൊത്ത് വൈലാലിലെ വീട്ടിൽ താമസിക്കും. രാവിലെ താൻ വൈലാലിലെ വീട്ടിലെത്തുന്നതുവരെ ബഷീറും ഫാബിയും പ്രഭാത ഭക്ഷണംപോലും കഴിക്കാതെ തനിക്കുവേണ്ടി കാത്തിരിക്കുമായിരുന്നു. നേരം വൈകി ഫാബി ഉമ്മച്ചി നിർബന്ധിച്ചാലും ‘ആ കുട്ടി വരട്ടെ’ എന്ന് പറയുമായിരുന്നു അദ്ദേഹം.
‘ടാറ്റാ’യെന്ന ഫാബി ഉമ്മച്ചിയുടെ സ്നേഹപൂർവമായ വിളിയും തിരിച്ച് സുൽത്താന്റെ ‘എടിയേ’ എന്ന വിളിയും മനസ്സിൽനിന്ന് മായുന്നില്ല. രണ്ടുപേരും തമ്മിൽ എപ്പോഴും വഴക്കാണ്. സ്നേഹം വഴക്കിലൂടെ പ്രദർശിപ്പിക്കാനാവുമെന്ന് അറിഞ്ഞത് അവരെ കണ്ടും അറിഞ്ഞുമാണ്. അനീസ് അന്ന് പാലക്കാട് പഠിക്കുകയായിരുന്നു. ഷാഹിനയുടെ വിവാഹമൊക്കെ കഴിഞ്ഞിരുന്നു.
വീട്ടിൽ സുൽത്താനും ബീവിയും മാത്രം. സുൽത്താന് വരുന്ന കത്തുകൾ വായിച്ചുകൊടുക്കാനും മറുപടി തയാറാക്കാനുമായി ഒരാൾ പകൽനേരത്ത് വരും. എങ്കിലും ആ വീട്ടിൽ എപ്പോഴും ആളുകളാണ്. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും വിദ്യാർഥികളും. എം.ടി. വാസുദേവൻ നായരെപ്പോലുള്ള വലിയ എഴുത്തുകാരെയൊക്കെ നേരിൽ കാണുന്നത് അവിടെവെച്ചാണ്.
ചികിത്സ ഫലം ചെയ്തതിനാൽ വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന അദ്ദേഹം പുറത്തിറങ്ങി മാങ്കോസ്റ്റിന്റെ തണലിലൊക്കെ വന്നിരിക്കാൻ തുടങ്ങി. ‘ബാല്യകാലസഖി’ സമ്മാനമായി തന്നാണ് സുൽത്താൻ പറഞ്ഞയച്ചത്. പിന്നീട് മകൾ സർഗാസ്മിയുടെ മൂന്നാം പിറന്നാളിന് ക്ഷണിച്ചപ്പോൾ ഫാബി ഉമ്മച്ചി അനിയത്തിയേയും കൂട്ടി തിരൂരിൽ വന്നു. മകൾക്ക് സമ്മാനമായി കവറിലാക്കി പൈസ കൊടുത്തയച്ചിരുന്നു സുൽത്താൻ.
ആ പണം മകളുടെ പേരിൽ ബാങ്കിൽ ഇടണമെന്ന് ഉമ്മച്ചിയെ പറഞ്ഞേല്പിച്ചിരുന്നു. അടുത്ത തവണ കണ്ടപ്പോൾ അങ്ങനെ ചെയ്തില്ലേ എന്ന് ചോദിക്കുകയും ചെയ്തു. സുൽത്താന്റെ മരണശേഷവും കുടുംബവുമായുള്ള ബന്ധം തുടർന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീറെന്ന ഇമ്മിണി ബല്യ മനുഷ്യനൊപ്പം വളരെ അടുത്ത് ഇടപഴകുമ്പോഴൊന്നും താൻ കടന്നുപോകുന്നത് ജീവിതത്തിലെ അനർഘ നിമിഷങ്ങളിലൂടെയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ ഇപ്പോൾ സുനിലക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.