പൈതൃക നഗരത്തിന് പരാധീനത വേണ്ട
text_fieldsപൈതൃക നഗരമായ കോഴിക്കോടിനും പരാധീനതകളുടെ കഥ പറയാനുണ്ട്. വിനോദസഞ്ചാരം ഉൾപ്പെടെ മേഖലകളിൽ അനന്തമായ സാധ്യതകളുണ്ട്. അടിസ്ഥാന സൗകര്യ വികസനം ത്വരിതഗതിയിൽ പൂർത്തിയാക്കുകയും വിശാലമായ വികസന കാഴ്ചപ്പാടിൽ മുന്നേറുകയും വേണമെന്നത് നാടിന്റെ ആവശ്യമാണ്. നഗരങ്ങളുടെ മൊത്തം വികസനം, പുനരുജ്ജീകരണം, സൗന്ദര്യ വത്കരണം എന്നിവ വേഗത്തിലാക്കണം
• മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി അടഞ്ഞുകിടന്ന് ആസ്തികൾ അന്യാധീനപ്പെട്ട് തുടങ്ങിയിരിക്കുന്നു. കേസ് പെട്ടെന്ന് തീർത്ത് കൈത്തറി മ്യൂസിയം ഉടൻ യാഥാർഥ്യമാക്കണം
• കല്ലായിപ്പുഴ ആഴം കൂട്ടി വൃത്തിയാക്കാനുള്ള പദ്ധതി എട്ട് കൊല്ലമായി നീളുകയാണ്
• കല്ലായിപ്പുഴയും കനോലി കനാലും വികസിപ്പിച്ച് യൂറോപ്യൻ നഗരങ്ങളെപ്പോലെയാക്കാനുള്ള കനാൽ സിറ്റി പദ്ധതി ഇഴയുന്നു
• നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാനാഞ്ചിറയിലെയും സ്റ്റേഡിയത്തിലെയും പാർക്കിങ് പ്ലാസകൾ യാഥാർഥ്യമായില്ല.
• കല്ലായിറോഡ് വികസനം യാഥാർഥ്യമായില്ല
• കുറ്റിച്ചിറ സ്കൂളില് പുതിയ കെട്ടിടം നിര്മിക്കാന് സ്ഥലമില്ലാത്ത പ്രശ്നമുണ്ട്
• നഗരത്തിലെ മലിനജല സംസ്കരണത്തിന് കോതിയിൽ കേന്ദ്ര സഹായത്തിൽ പ്ലാന്റ് നിർമിക്കാൻ സ്ഥലം കണ്ടെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം ഒന്നും നടന്നിട്ടില്ല
• നഗരത്തിന് ആധുനിക അറവുശാല പണിയാനുള്ള സ്ഥലവും കോതിയിൽ കണ്ടെത്തിയെങ്കിലും നാട്ടുകാർ പ്രതിഷേധത്തിലാണ്
• റെയിൽവേ സ്റ്റേഷനുസമീപം കോടികൾ ചെലവിൽ കോർപറേഷൻ ഷീ ലോഡ്ജ് പണിതെങ്കിലും നടത്തിപ്പിന് ആളെ കിട്ടാതെ പൂട്ടിക്കിടപ്പാണ്
• മാനാഞ്ചിറ സ്ക്വയറിൽ കൂടുതൽ വികസനത്തിന് പദ്ധതിയുണ്ടെങ്കിലും മുന്നോട്ടുപോയില്ല. മിഠായി തെരുവിന്റെ രണ്ടാംഘട്ട വികസനം ഇപ്പോഴും കടലാസിൽ
എലത്തൂരിന് വളരാൻ ഏറെ
കോർപറേഷൻ പരിധിയിലും നഗരത്തിനുചേർന്നുള്ളതും തനി ഗ്രാമീണ അന്തരീക്ഷത്തിലുള്ളതുമായ സമ്മിശ്ര പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് എലത്തൂർ മണ്ഡലം. പരമ്പരാഗത വ്യവസായങ്ങളുടെയും ഉൾനാടൻ മത്സ്യവിഭവങ്ങളുടെയും ഗണ്യമായ കുറവ് തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും പട്ടിണിയിലാഴ്ത്തുന്നു. മൺപാത്ര വ്യവസായവും ഖാദി വ്യവസായവും തകർച്ചയിലേക്ക് നീങ്ങുന്നു. ഗ്രാമീണമേഖലയിൽ കൃഷിയധിഷ്ഠിത കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണ്.
• അനധികൃത വയൽ നികത്തൽമൂലം ചെറിയ മഴയിൽപോലും വെള്ളക്കെട്ട്. കോരപ്പുഴയുടെ ആഴംകൂട്ടൽ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ മഴക്കാലത്ത് പ്രദേശവാസികൾ വെള്ളത്തിൽ മുങ്ങുന്നു
• വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം. ജൽജീവൻ പദ്ധതി ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പൂർത്തിയാക്കി കുടിവെള്ള വിതരണം നടത്താൻ കഴിഞ്ഞിട്ടില്ല
• ബാലുശ്ശേരി- കോഴിക്കോട് റോഡിന്റെ വികസനം കടലാസിലൊതുങ്ങി
• മിക്ക റോഡുകളും തകർന്നുകിടക്കുകയാണ്
• എലത്തൂർ എച്ച്.പി.സിക്കു സമീപത്തെ വീടുകളിലെ കിണറുകളിൽ ഓയിൽ കലരുന്നതിനെതിരെ സമരം നടക്കുന്നു
• രാത്രി എട്ടുമുതൽ രാവിലെ ആറുവരെ എലത്തൂർ റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനെതിരെ സമരം നടക്കുന്നു
• പുതിയാപ്പ, എലത്തൂർ തീരദേശമേഖലയിൽ കടൽക്ഷോഭം രൂക്ഷം
• വീടില്ലാത്ത ലൈഫ് ഭവന അപേക്ഷകരുടെ എണ്ണം ഏറെ
• ചേളന്നൂർ പഞ്ചായത്തിലെ ഗവ. ഹോമിയോ ആശുപത്രി കടലാസിൽ തന്നെ. വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ജീവനക്കാരുടെയും മരുന്നിന്റെയും കുറവ്
• കക്കോടിയിലെ ശ്മശാനം നിർമാണം പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങളാൽ തുറന്നുകൊടുക്കാൻ കഴിയുന്നില്ല
• കയർസംഘങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. നെയ്ത്ത് സൊസൈറ്റികളിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി
• ഒളോപ്പാറ ടൂറിസം പദ്ധതിയിൽ കഴിഞ്ഞ രണ്ടു വർഷമായി ബജറ്റിൽ വകയിരുത്തലല്ലാതെ കാര്യമായ ഒരു വികസനവും നടക്കുന്നില്ല
• മഴ കനക്കുമ്പോൾ മണ്ണിടിച്ചിൽ ഭീഷണിയിലുള്ള പ്രദേശങ്ങൾ കക്കോടി, ചേളന്നൂർ, കാക്കൂർ, തലക്കുളത്തൂർ, നന്മണ്ട എന്നീ പഞ്ചായത്തുകളിൽ ഉണ്ട്
• കഴിഞ്ഞ മന്ത്രിസഭയിൽപോലും പുയിയാപ്പ ഹാർബറിലെ വികസനത്തിന് ഫണ്ടുകൾ അനുവദിച്ച് പ്രഖ്യാപനം ഉണ്ടായിട്ടും ഒന്നും യാഥാർഥ്യമായിട്ടില്ല
• 2.27 കോടി രൂപ ചെലവഴിച്ച് ചേളന്നൂർ പഞ്ചായത്തിൽ ആരംഭിച്ച സാഫല്യം ഭവന പദ്ധതി പാതി നിലച്ചിട്ട് വർഷങ്ങളായി. 2012ൽ ആരംഭിച്ച മൂന്നു നിലയിൽ 42 ഫ്ലാറ്റുകൾ ജീർണാവസ്ഥയിൽ
വികസനം ബാലികേറാമലയല്ല
ബാലുശ്ശേരി മണ്ഡലത്തിൽ ആരോഗ്യ, ഗതാഗത മേഖലയിലാണ് അടിയന്തര ശ്രദ്ധ പതിയേണ്ടത്. പ്രഖ്യാപിച്ച പദ്ധതികൾ സാങ്കേതിക കുരുക്കുകൾ നീക്കി സമയബന്ധിതമായി പൂർത്തിയാക്കിയാൽതന്നെ നല്ല മാറ്റമുണ്ടാകും. ഭരണാധികാരികളും വകുപ്പുകളും ഉദ്യോഗസ്ഥരും ഒത്തുപിടിച്ചാൽ മണ്ഡലത്തിൽ വികസനം ബാലികേറാമലയാകില്ല.
• ബാലുശ്ശേരി-കോഴിക്കോട് റോഡ് വീതികൂട്ടി മൂന്നുവരിപ്പാതയാക്കി നവീകരിക്കാനുള്ള പദ്ധതി പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും എങ്ങുമെത്തിയില്ല.
• പാവങ്ങാട്-ഉള്ള്യേരി റോഡ് വികസന പദ്ധതിക്ക് 2017ൽ അംഗീകാരം ലഭിച്ചതാണെങ്കിലും ആറുവർഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല
• കൂരാച്ചുണ്ട് അങ്ങാടിയിൽ 800 മീറ്റർ വീതി ലഭിക്കാത്തതിനാൽ മലയോര ഹൈവേ നിർമാണം ഇവിടെ സ്തംഭിച്ചിരിക്കുകയാണ്
• ബാലുശ്ശേരി ടൗൺ ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്നു. ബൈപാസ് റോഡ് നിർമാണം അനിശ്ചിതമായി നീളുന്നു
• താലൂക്കാശുപത്രിയിൽ ആവശ്യമായ ജീവനക്കാരില്ല. ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, നേത്രരോഗ വിഭാഗം, ഡോക്ടർമാർ ഇല്ല
• കിനാലൂരിലെ ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. കോളജിലേക്കുള്ള റോഡ് തകർന്നതിനാൽ ബസ് വരുന്നില്ല. വിദ്യാർഥികൾ രണ്ട് കിലോമീറ്റർ നടക്കണം
• കക്കയം വന്യജീവി സങ്കേതത്തിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന കർഷകർക്ക് വന്യമൃഗശല്യം രൂക്ഷം. കക്കയം, കൂരാച്ചുണ്ട്, മങ്കയം, തലയാട് പ്രദേശങ്ങളിൽ കാട്ടാനയടക്കമുള്ള മൃഗങ്ങളുടെ ശല്യം
• കക്കയം 26ാം മൈലിൽ ഒരു കോടിയോളം രൂപ ചെലവിട്ട് നിർമിച്ച ടൂറിസം ഫെസിലിറേറഷൻ സെന്റർ ഉപയോഗപ്പെടുത്താതെ കാടുകയറി നശിക്കുന്നു
• ഒരു കോടിയുടെ മഞ്ഞപ്പുഴ പുനരുജ്ജീവന പദ്ധതി പ്രവർത്തനം തുടങ്ങിയെങ്കിലും എങ്ങുമെത്താത്ത നിലയിൽ
• ബാലുശ്ശേരിയിൽ പഞ്ചായത്ത് സ്റ്റേഡിയവും ഒന്നര കോടി മുടക്കിയ ഇൻഡോർ സ്റ്റേഡിയവും കായിക പ്രേമികൾക്ക് തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല.
• ബാലുശ്ശേരി പറമ്പിൻമുകളിൽ 25 കോടിയോളം രൂപ ചെലവിട്ട് നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ കെട്ടിടനിർമാണം ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
നഗര വികസനത്തിന് ആക്ഷൻ പ്ലാൻ വേണം
നഗരത്തിന്റെ പകുതിയോളം ഭാഗമാണ് കോഴിക്കോട് നോർത്ത് മണ്ഡലം എന്നതിനാൽതന്നെ ഗതാഗതക്കുരുക്കും മാലിന്യ നിർമാർജന സംവിധാനങ്ങളുടെ പരിമിതികളുമാണ് പ്രധാന പ്രശ്നങ്ങൾ. കടലോര മണ്ഡലമായതിനാൽ ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. അത് വേണ്ട തരത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല.
• മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ വയനാട് റോഡിലെ കുരുക്കൊഴിയും. തീരുമാനിച്ചിട്ട് വർഷങ്ങളായി. ഭൂമി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം പൂർണമായി നൽകിയിട്ടില്ല. അതിനാൽ തന്നെ റോഡ് നിർമാണവും നീളുകയാണ്
• ആവിക്കൽ തോടിലെയും കനോലി കനാലിലെയും മലിനജലക്കെട്ടിനും വർഷങ്ങളുടെ പഴക്കമുണ്ട്
• ഖരമാലിന്യ സംസ്കരണത്തിന് വേണ്ടത്ര സംവിധാനമില്ല
• പുതിയങ്ങാടി -തണ്ണീർപന്തൽ അടക്കമുള്ള റോഡുകളുടെ വികസനവും നീളുന്നു.
• തീരദേശ മേഖലകളിലും വെങ്ങേരിയിലെ ചില ഭാഗങ്ങളിലും കുടിവെള്ളക്ഷാമം
• ഭവനരഹിതരും ഭൂരഹിതരും ഉണ്ട്. ഭവനരഹിതർ ഏറെയുള്ളത് കടലോര മേഖലകളിൽ
• വെസ്റ്റ് ഹിൽ വ്യവസായ എസ്റ്റേറ്റിന്റെ മൊത്തം വികസനം വർഷങ്ങളായുള്ള ആവശ്യമാണ്
• സർക്കാർ മേഖലയിലെ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ നിലവിലുണ്ട്
• എൻജിനീയറിങ് കോളജിലും പോളിടെക്നിക്കിലും ജീവനക്കാരുടെ കുറവുണ്ട്
കൊയിലാണ്ടിക്ക് കുതിക്കണം
കൊയിലാണ്ടിയുടെ പ്രശ്നങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ കുടിവെള്ളം മുതൽക്ക് തുടങ്ങണം. കടലോരത്ത് കുടിവെള്ളത്തിന് ഉപ്പുരുചി. മുമ്പ് നല്ല വെള്ളം ലഭിച്ചിരുന്ന കിണറുകളിലെ വെള്ളം ഇപ്പോൾ മോശമാണ്. കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥ ഒഴിവാക്കേണ്ടതാണ്.
പരിസ്ഥിതി ആഘാതമാണ് കിണർജലം മോശമാകാൻ കാരണമെന്നാണ് പറയുന്നത്. ചതുപ്പുനിലങ്ങൾ നികത്തൽ, കുന്നുകളുടെ നാശം എന്നിവ കുടിവെള്ളത്തെ ബാധിച്ചു. ഉയർന്ന പ്രദേശങ്ങളിൽ വേനൽ തുടങ്ങുമ്പഴേ കുടിവെള്ളക്ഷാമം തുടങ്ങും. വിനോദ സഞ്ചാര സാധ്യത ഏറെയുള്ള മണ്ഡലമാണിത്.
വിദേശികൾ ഉൾപ്പെടെ നൂറു കണക്കിന് സന്ദർശകർ എത്തുന്ന കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ അവശ്യ സൗകര്യങ്ങൾപോലും കുറവാണ്. പലഭാഗത്തും വിളക്കുകൾ കണ്ണടച്ചിട്ട് ഏറെക്കാലമായി. രാത്രിയിൽ സാമൂഹിക വിരുദ്ധ ശല്യമുണ്ട്.
• താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കുക, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക
• കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക
• റോഡിലേക്ക് തിരകൾ അടിച്ചുകയറുന്നത് ഒഴിവാക്കാൻ ശാസ്ത്രീയ പഠനം നടത്തി പദ്ധതി ആവിഷ്കരിക്കണം
• തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഏറെ വർഷങ്ങളായി കിടത്തി ചികിത്സ നിലച്ചിട്ട്
• മൂടാടി നന്തിയിലെ കെൽട്രോൺ യൂനിറ്റിന് 13 ഏക്കർ സ്ഥലമുണ്ടെങ്കിലും രണ്ട് ഏക്കർ സ്ഥലം മാത്രമാണ് ഉപയോഗിക്കുന്നത്. റേഡിയോ, ടെലിവിഷൻ എന്നിവയുടെ നിർമാണത്തിലൂടെ വൻ പ്രതീക്ഷ നൽകിയെങ്കിലും ഇപ്പോൾ ശ്രവണ സഹായി, എൽ.ഇ.ഡി ലൈറ്റ് ഉപകരണ നിർമാണം എന്നിവയിലൊതുങ്ങി
• കാപ്പാട് മുതൽ കൊയിലാണ്ടി വരെ തീരദേശ റോഡുകൾ രണ്ടര വർഷമായി കടലാക്രമണത്തിൽ തകർന്നുകിടക്കുന്നു.
മെച്ചപ്പെടുത്തണം മെഡിക്കൽ കോളജ്
കോഴിക്കോട് മെഡിക്കൽ കോളജിലെ പല വാർഡുകളിലും രോഗികൾ കട്ടിൽ ലഭിക്കാതെ വരാന്തയിലടക്കമാണ് കിടക്കുന്നത്. മെഡി. കോളജിൽ 80 ഡോക്ടർമാരുടെ കുറവുണ്ട്. ആശുപത്രിയിൽ മാത്രം നഴ്സുമാരുടെ നൂറിലേറെ തസ്തികകൾ ഒഴിഞ്ഞുകിടപ്പാണ്. ഇതുതന്നെ 1962ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള കണക്കാണ്. മറ്റു ജീവനക്കാരുടെയും വലിയ കുറവുണ്ട്. മറ്റ് ആശുപത്രികളുടെയും സാഹചര്യം സമാനമാണ്.
മെഡി. കോളജിൽ പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗം തുറന്നെങ്കിലും സി.ടി സ്കാൻ പോലും ഏർപ്പെടുത്തിയിട്ടില്ല. പലതവണ നിപ റിപ്പോർട്ട് ചെയ്തിട്ടും ബി.എസ്.എൽ-മൂന്ന് ലെവൽ വൈറോളജി ലാബിന്റെ നിർമാണവും ഇതുവരെ പൂർത്തിയായിട്ടില്ല. ബീച്ച് ആശുപത്രിക്കും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനും മാസ്റ്റർ പ്ലാൻ തയാറാക്കിയുള്ള പദ്ധതികൾ യാഥാർഥ്യമായിട്ടില്ല.
തിരക്കേറിയ താലൂക്കാശുപത്രി
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൻ തിരക്കാണ്. കൂടുതൽ സൗകര്യം ഏർപ്പെടുത്തി ജില്ല ആശുപത്രി പദവിയിലേക്ക് ഉയർത്തണം. ട്രോമാ കെയർ, ബ്ലഡ് ബാങ്ക് എന്നിവ അടിയന്തര ആവശ്യമാണ്. അപകടത്തിൽ പരിക്കേൽക്കുന്നവർ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയുമായി എത്തുന്നവരെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കേണ്ടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.