കുന്ദമംഗലത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു
text_fieldsകുന്ദമംഗലം: ദേശീയപാതയിൽ കാരന്തൂർ ഒവുങ്ങരയിൽ പാലക്കൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. ഞായറാഴ്ച ഉച്ച ഒന്നരയോടുകൂടിയാണ് തീപിടിത്തമുണ്ടായത്. അവധിദിനമായിട്ടും കട തുറന്നിരുന്നു. ജീവനക്കാർ കടയുടെ മുകളിൽനിന്ന് പുക ഉയരുന്നതുകണ്ട് ഇറങ്ങി പുറത്തേക്ക് ഓടി. അതുകണ്ട നാട്ടുകാർ അതിവേഗം രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുകയായിരുന്നു. ആളപായമില്ല. കടയിൽ ഉണ്ടായിരുന്ന ഒമ്പതോളം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ബാക്കി വാഹനങ്ങൾ ജോലിക്കാരും നാട്ടുകാരും ചേർന്ന് പുറത്തേക്ക് മാറ്റി.
ഓണം പ്രമാണിച്ച് നിരവധി പുതിയ വാഹനങ്ങളും സർവിസിനായി കൊണ്ടുവന്ന വാഹനങ്ങളും കടയിൽ ഉണ്ടായിരുന്നു. കടയിൽ ഉണ്ടായിരുന്ന ഫർണിച്ചറുകൾ, എ.സി, മറ്റ് സാമഗ്രികൾ എല്ലാം കത്തിച്ചാമ്പലായി. വെള്ളിമാടുകുന്ന്, മുക്കം അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് രണ്ട് യൂനിറ്റും നരിക്കുനി നിലയത്തിൽനിന്ന് ഒരു യൂനിറ്റും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണക്കാൻ നേതൃത്വം നൽകിയത്.
വെള്ളിമാട്കുന്ന് സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെയും അസി. ഓഫിസർ അബ്ദുൽ ഫൈസിയുടെയും നേതൃത്വത്തിൽ ഫയർമാൻമാരായ അനൂപ്, റാഷിദ്, ലതീഷ്, മധു, സരീഷ്, നിഖിൽ, അഷ്റഫ്, സിന്തിൽ കുമാർ, ഹോം ഗാർഡുമാരായ ബാലൻ, രാജേഷ് ഖന്ന, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രാഥമിക വിവരമെന്നും അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാതയിൽ ഏറെസമയം ഗതാഗതം സ്തംഭിച്ചു. കുന്ദമംഗലം പൊലീസ് എസ്.എച്ച്.ഒ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.