ടാഗോർ ഹാൾ പൊളിച്ചുപണിയാൻ പദ്ധതിരേഖ ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: നഗരത്തിൽ പ്രധാന പരിപാടികൾ അരങ്ങേറിയിരുന്ന റെഡ് ക്രോസ് റോഡിലെ ടാഗോർ സെന്റിനറി ഹാൾ പൊളിച്ചുപണിയാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന നിർമാണത്തിനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ) അവസാന ഘട്ടത്തിൽ. മൂന്ന് കമ്പനികൾ തയാറാക്കിയ വിശദ പദ്ധതിരേഖയിൽ ഒന്ന് കോർപറേഷൻ അംഗീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കാനാവും. ഇതിന് കൗൺസിൽ യോഗത്തിൽ ഡി.പി.ആർ അംഗീകരിക്കണം.
ആദ്യഘട്ടത്തിൽ ആറ് കമ്പനികൾ നൽകിയ ഡി.പി.ആറിൽനിന്ന് മൂന്നെണ്ണം കോർപറേഷൻ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ കോർപറേഷൻ കൊണ്ടുവന്ന മാറ്റങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് പുതുക്കുന്നത്. ഡി.പി.ആർ നൽകിയ കമ്പനികൾ തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. പുതിയ പ്ലാൻ കോർപറേഷൻ ധനകാര്യ സമിതി ചർച്ചചെയ്ത ശേഷം കൗൺസിൽ പരിഗണനക്ക് വരും. പെട്ടെന്ന് പുതിയ പ്ലാൻ അനുമതിക്കെത്തുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. നഗരത്തിന്റെ പേരുയർത്തുന്ന വിധമുള്ള ഹാളാണ് പണിയാൻ ഉദ്ദേശിക്കുന്നത്.
കൂടുതൽ ഹാളുകളുള്ള സമുച്ചയമാണ് പണിയുക. തിയറ്ററും സാംസ്കാരിക പരിപാടികൾക്കുള്ള ഇടങ്ങളുമെല്ലാം വേണമെന്നാണ് ഉദ്ദേശ്യം. തീര പ്രദേശമായതിനാലുള്ള പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടിവരും. 2022 മുതലാണ് ഹാളിൽ പരിപാടികൾ കുറഞ്ഞ് തുടർന്ന് അടച്ചിടലിലെത്തിയത്. 2023 ജനുവരി ഒമ്പതിന് ചേർന്ന കൗൺസിൽ യോഗം ഹാൾ പൊളിച്ചുപണിയാൻ തീരുമാനിച്ചു. ഹാളിലെത്തുന്നവരുടെ പരാതികൾ കൊണ്ട് പൊറുതി മുട്ടിയപ്പോഴായിരുന്നു തീരുമാനം. കൺവെൻഷൻ സെന്ററുകളും മറ്റ് സൗകര്യങ്ങളും പരിമിതമായ നഗരത്തിൽ വിരലിലെണ്ണാവുന്ന ഹാളുകളിലൊന്നാണ് ടാഗോർ ഹാൾ.
മതിയായ വൈദ്യുതി വിതരണ സംവിധാനമില്ലാത്തതിനാൽ എ.സി ഹാളിലെത്തുന്നവർ വിയർത്തൊഴുകുന്ന അവസ്ഥ വന്നിരുന്നു. കസേരകൾ പൊളിഞ്ഞു. ഹാളിലെ അലങ്കാര വിളക്കുകളും പാനലുകളും പല ഭാഗത്തും ഇളകി വീണു. വൻ തുക ചെലവിട്ട് എ.സി സ്ഥാപിച്ചെങ്കിലും കുറച്ചുകാലം മാത്രമാണ് പ്രശ്നമില്ലാതെ പ്രവർത്തിച്ചത്. വാടകക്ക് എടുക്കുന്നവർ പുറമെ നിന്ന് ജനറേറ്റർ വെക്കുമ്പോൾ ഹാളിലെ വൈദ്യുതിസംവിധാനം മിക്കയിടത്തും താറുമാറായി. ശ്രദ്ധയില്ലാതെ ഉപയോഗിക്കുക വഴി വാതിലുകളും സ്വിച്ചുകളും കേടായി.
വിവാഹാവശ്യങ്ങൾ മുന്നിൽ കണ്ട് തെക്കു ഭാഗത്ത് ഷീറ്റിട്ട് വലിയ സ്ഥിരം പന്തൽ ഒരുക്കിയെങ്കിലും വാടകക്കെടുക്കുന്നവർ മുറ്റത്തും മറ്റും കൂടുതൽ പന്തൽ സ്ഥാപിക്കുന്നത് പാർക്കിങ് സൗകര്യമില്ലാതാക്കി. ഇതിനെ തുടർന്ന് താൽക്കാലിക പന്തലിടുന്നത് നഗരസഭ വിലക്കുന്ന അവസ്ഥ വന്നു. ഇങ്ങനെ മൊത്തം പ്രശ്നങ്ങളായതോടെയാണ് ഹാൾ അടച്ചിടലിലെത്തിയത്.
‘പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിക്കണം’
കോഴിക്കോട്: ടാഗോർ സെന്റിനറി ഹാൾ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കോഴിക്കോടൻ കടൽത്തീരം സംരക്ഷിക്കണം. പഴയ കോർപറേഷൻ ഓഫിസ് കെട്ടിടം, പുരാതന മ്യൂസിയമാക്കി നിലനിർത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തുക -പ്രമേയങ്ങളും യോഗം അംഗീകരിച്ചു. പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ.പി. അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സുബൈർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ. വിജയരാഘവൻ, വി.എം. ജയദേവൻ, പി. സുധാകരൻ, ടി.പി.എം. ഹാഷിറലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.