നാട് നന്നായിക്കാണാൻ ആഗ്രഹിച്ച പൊലീസ് ഓഫിസർ
text_fieldsവെള്ളിമാട്കുന്ന്: നാടു പുരോഗമിക്കാൻ ഏറെ കഠിനാധ്വാനം ചെയ്ത ആദ്യകാല പൊതുപ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ച റിട്ട. പൊലീസ് ഇൻസ്പെകട്ർ കൂർത്താട്ടിൽ ശശികുമാർ. 1986ൽ കേരള പൊലീസിൽ കയറുന്നതുവരെ പ്രദേശത്തെ പുരോഗമനകലാ സംഘങ്ങളുടെ അമരക്കാരനായിരുന്നു.
സേനയിൽ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്ന ശശിധരന് വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചു. വിരമിക്കുന്നതുവരെ ഏറെകാലം പൊലീസ് സേനയുടെ പരേഡ് കമാൻഡറായും തിളങ്ങി. ഈസ്റ്റ് വെള്ളിമാട്കുന്നിലെ ആദ്യകാല സാംസ്കാരികവേദികളായ യുവകലാസമിതിയുടെയും യാസ്കോയുടെയും ആദ്യകാല ഭാരവാഹിയായിരുന്നു. മികച്ച ഫുട്ബാളർ കൂടിയായിരുന്ന ശശിധരൻ പുതുതലമുറയെ കായികലോകത്തേക്ക് എത്തിക്കുന്നതിന് നിരവധി ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കും യുവാക്കൾക്കും പരിശീലനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മികച്ച നാടക നടൻകൂടിയായ ശശിധരൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഭരണകൂടഭീകരതക്കുമെതിരെ യുവാക്കളെ ചേർത്ത് നാടകസംഘം രൂപവത്കരിക്കുകയും നിരവധി ആക്ഷേപക നാടകങ്ങൾ കളിക്കുകയും ചെയ്തു.എം.എസ്.പി ഹോക്കി ടീമിലും അംഗമായിരുന്നു. ഉദ്യോഗത്തിലിരിക്കെ നിരവധി യുവാക്കൾക്ക് തൊഴിൽമേഖലകൾ കണ്ടെത്താൻ പരിശീലകനായും വഴികാട്ടിയായും പ്രവർത്തിച്ചു. അമ്പത്തൊമ്പതുകാരനായ ശശിധരനെ ഒരുവർഷമായി വൃക്കരോഗം അലട്ടിയിരുന്നു.വ്യാഴാഴ്ച വീട്ടിൽ നടന്ന സംസ്കാരച്ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.