വിവരം നൽകാൻ ഒന്നേകാൽ കൊല്ലം; കോഴിക്കോട് കോർപറേഷന് പിഴ
text_fieldsകോഴിക്കോട്: വിവരാവകാശ നിയമത്തിന്മേൽ ജില്ലയിൽ രണ്ടാം അപ്പീലുകൾ വർധിക്കുന്നതായും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മാസത്തിനുള്ളിൽ നൽകേണ്ട വിവരം നൽകാൻ ഒന്നേകാൽ വർഷം എടുത്ത കോഴിക്കോട് കോർപറേഷന് കമീഷൻ പിഴയിട്ടു. ആദ്യത്തെ വിവരാവകാശ അപേക്ഷയിൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകി ഫയൽ ക്ലോസ് ചെയ്യാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്ന് കമീഷൻ നിർദേശിച്ചു. പരാതി ഉണ്ടായാൽ ഒന്നാം അപ്പീൽ അധികാരി കൃത്യമായ വിവരം ലഭ്യമാക്കണം. ജനങ്ങളെ ചുറ്റിക്കുന്ന മറുപടി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.
കമീഷനു മുന്നിൽ രണ്ടാം അപ്പീലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയും കൂടും. ന്യൂനപക്ഷ പദവിയുള്ള വില്യാപ്പള്ളിയിലെ എയ്ഡഡ് സ്കൂളിൽ സീനിയോറിറ്റി മറികടന്ന് പ്രധാനാധ്യാപകനെ നിയമിച്ചതിൽ നടപടിക്രമം പാലിച്ചില്ലെന്ന പരാതിയിൽ വിദ്യാഭ്യാസ ഡി.ഡി ഓഫിസ് മെല്ലെപ്പോക്ക് നടത്തുന്നതായ പരാതിയിൽ കമീഷൻ ഉത്തരവ് നടപ്പാക്കാത്ത ഡെപ്യൂട്ടി ഡയറക്ടറെ കമീഷണർ വിളിച്ചുവരുത്തി. പരാതിക്കാരനായ അധ്യാപകൻ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. അതിന് മറ്റൊരു കേസ് ഫയൽ ചെയ്യാൻ കമീഷൻ നിർദേശം നൽകി.
ഈ വിഷയത്തിൽ ഹൈകോടതി നിർദേശമനുസരിച്ച് ഡി.ഡി.ഇയെ സ്കൂൾ മാനേജറായി സർക്കാർ നിയമിച്ചെങ്കിലും ആ ചുമതല ഡി.ഡി ഇ ഏറ്റെടുത്തിട്ടില്ലെന്ന് ഹരജിക്കാരൻ ആരോപിച്ചു.
ഏഴു കേസുകളിൽ വിവരം തൽക്ഷണം ലഭ്യമാക്കി. കമീഷൻ നോട്ടീസ് കൈപ്പറ്റിയിട്ടും സിറ്റിങ്ങിൽ എത്താതിരുന്ന കോഴിക്കോട് സബ് കലക്ടർ, ചേലേമ്പ്ര വില്ലേജ് ഓഫിസർ എന്നിവരെ കമീഷൻ തിരുവനന്തപുരത്ത് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിറ്റിങ്ങിൽ പരിഗണിച്ച 20 കേസുകളിൽ 18 എണ്ണവും തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.