ആവേശമായി അപൂർവ വിരുന്നുകാരൻ
text_fieldsകോഴിക്കോട്: പക്ഷി നിരീക്ഷകർക്ക് ആവേശമായി അപൂർവ ദേശാടകനെ വീണ്ടും കേരളത്തിൽ കണ്ടെത്തി. സ്പെയിൻ, തുർക്കി, കിർഗിസ് താൻ, മംഗോളിയ തുടങ്ങിയിടങ്ങളിൽ പ്രജനനകാലം ചെലവഴിച്ച് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെമ്പുവാലൻ പാറക്കിളിയെയാണ് മലപ്പുറം ജില്ലയിലെ വാഴയൂരിൽ കണ്ടെത്തിയത്. ഇതാദ്യമായാണ് ജില്ലയിൽ ഈയിനം പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സീനിയർ നഴ്സിങ് ഓഫിസറും വന്യജീവി ഫോട്ടോഗ്രാഫറുമായ ടി.കെ. മുഹമ്മദ് ഷമീർ കൊടിയത്തൂർ പറഞ്ഞു.
തെക്കൻ യൂറോപ്പുമുതൽ മംഗോളിയവരെ നീണ്ടുകിടക്കുന്നതാണ് ഇവയുടെ പ്രജനന കേന്ദ്രങ്ങൾ. ആഗസ്റ്റ്-നവംബർ മാസത്തോടെ ഇവിടങ്ങളിൽ നിന്ന് സാധാരണ ചെങ്കടൽ വഴി ആഫ്രിക്ക വരെ നീളും. ഇക്കാലങ്ങളിൽ ഇന്ത്യയിൽ ലഡാക്കിലും ജമ്മു-കശ്മീരിലും ഇവയെ കാണാറുണ്ട്. എന്നാൽ, സാധാരണ ദേശാടന പാതയിലൊന്നും കേരളം ഉൾപ്പെടാത്തതിനാൽ കേരളത്തിൽ സാധാരണ വന്നെത്താറില്ല. പക്ഷിനിരീക്ഷകരുടെ സമൂഹിക മാധ്യമമായ ഇ-ബേർഡിന്റെ അടിസ്ഥാനത്തിൽ 2015ൽ ആലപ്പുഴയിൽ വെച്ചാണ് ഈയിനം പക്ഷിയെ ആദ്യമായി കണ്ടെത്തുന്നത്. ഇതിനു ശേഷം കേരളത്തിൽ വന്നെത്തിയതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ചൊവ്വാഴ്ച വാഴയൂർ മലയിൽ രാവിലെ 9.30 ഓടെയാണ് ദേശാടകന്റെ ചിത്രം പകർത്തിയതെന്ന് മുഹമ്മദ് ഷമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.