ദേശീയപാതയിൽ നിർമാണം പൂർത്തിയായ ഓവുചാൽ സ്ലാബ് തകർന്ന് ടിപ്പർ ലോറി മറിഞ്ഞു
text_fieldsപയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡിന് സമീപം നിർമാണം പൂർത്തിയാക്കിയ ഓവുചാലിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് മണൽ കയറ്റിയ ടിപ്പർ ലോറി മറിഞ്ഞു. അയനിക്കാട് പോസ്റ്റ് ഓഫിസിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി പിറകിൽ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ ഓവുചാൽ സ്ലാബിന് മുകളിലേക്ക് കയറുകയായിരുന്നു. ഉടൻ സ്ലാബ് തകർന്ന് ടയറുകൾ ഉയർന്ന് പാതി ചരിഞ്ഞനിലയിൽ മറിയുകയായിരുന്നു. ലോറിക്കകത്തുണ്ടായിരുന്ന ഡ്രൈവറടക്കം മൂന്നുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ സിമന്റ് കടയിലുണ്ടായിരുന്നവർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. നിർമാണ കരാറുകാരായ വാഗഡ് കമ്പനിയുടെ രണ്ടു ക്രെയിനുകൾ ഉപയോഗിച്ചാണ് ലോറിയെ നിവർത്തിയത്.
നിലവിലെ ദേശീയപാതയിൽ വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇരുഭാഗത്തേക്കും സർവിസ് റോഡുകൾ വഴിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. സർവിസ് റോഡും കോൺക്രീറ്റ് സ്ലാബും സമനിരപ്പിലായതിനാൽ വാഹനങ്ങൾ കയറുമ്പോൾ സ്ലാബ് തകരുകയാണ്. പൊതുവെ വീതി കുറവായ സർവിസ് റോഡിൽ വാഹനങ്ങൾ അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്.
അതോടൊപ്പം സ്ലാബ് തകർന്ന് വാഹനങ്ങൾ മറിയുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നന്തി 20ാം മൈലിൽ സമാനരീതിയിൽ സ്ലാബ് തകർന്ന് ടിപ്പർ ലോറി മറിഞ്ഞിരുന്നു. അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപവും വാഹനം മറിയുകയുണ്ടായി. നിർമാണത്തിലെ അപാകതയാണ് തുടർച്ചയായുള്ള തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.