ലോറിപ്പെരുമയുടെ ഓർമയുമായി ഒരു ഗ്രാമം
text_fieldsകുന്ദമംഗലം: നിരത്തുകളുടെ രാജാക്കന്മാർ ആണ് ലോറികൾ. ലോറികളുടെ വളയം പിടിക്കുന്നവർ അന്നും ഇന്നും കരുത്തരുടെ പ്രതീകവുമാണ്. അന്നുമിന്നും സ്വന്തമായി ലോറിയുള്ളതും പെരുമ തന്നെ. അത്തരത്തിൽ ചില സ്ഥലങ്ങളുണ്ട് കുന്ദമംഗലത്ത്. ആറ് കിലോമീറ്റർ ചുറ്റളവിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങൾ. പന്തീർപ്പാടം, ചൂലാംവയൽ, മുറിയനാൽ, പതിമംഗലം, പടനിലം, ചോലക്കരതാഴം എന്നീ പ്രദേശങ്ങളിൽ ആണ് ഒരു കാലത്ത് 8000ത്തിൽ അധികം ലോറികളും 10000ത്തിലധികം തൊഴിലാളികളും ഉണ്ടായിരുന്നത്.
25 വർഷം മുമ്പ് ഈ പ്രദേശത്ത് അങ്ങനെയായിരുന്നു എന്നു പറഞ്ഞാൽ ഇന്ന് എല്ലാവരും അത്ഭുതപ്പെടും. അന്നത്തെ വ്യവസായ കേന്ദ്രമായിരുന്ന കോഴിക്കോടിന്റെ ലോറികളുടെ കേന്ദ്രമായിരുന്നു പതിമംഗലം. മാവൂർ ഗ്വാളിയോർ റയോൺസ്, കല്ലായി മര വ്യവസായ കേന്ദ്രം, വലിയങ്ങാടി, ഓട് വ്യവസായ കേന്ദ്രങ്ങൾ, കൊപ്ര ബസാർ, മലഞ്ചരക്ക് വ്യാപാരങ്ങൾ എല്ലാം കോഴിക്കോടുമായി ബന്ധപ്പെട്ടായിരുന്നു ഉണ്ടായിരുന്നത്. ഈ കേന്ദ്രങ്ങളിലേക്ക് ഉള്ള ലോറികളെല്ലാം ഈ നാട്ടിൽ നിന്നായിരുന്നു പോയിരുന്നത്. ലോറി ഓണേഴ്‌സ് അസോസിയേഷൻ നേതാക്കളും ഇവിടെ ഉള്ളവരായിരുന്നു. '1067' എന്ന് അന്ന് അറിയപ്പെടുന്ന ലോറി ആയിരുന്നു ആദ്യമായി ഈ നാട്ടിലേക്ക് വന്നതെന്ന് പറയുന്നു. പന്തീർപ്പാടം ഭാഗത്തുനിന്ന് ചെങ്കല്ലുകൾ കൊണ്ടുപോകുകയായിരുന്നു അന്നൊക്കെ ഈ ലോറിയിൽ. പന്തീർപ്പാടം, മുറിയനാൽ ഭാഗങ്ങളിൽ കല്ലുവെട്ടു കേന്ദ്രമായിരുന്നു. ഒരുപാട് കല്ലുവെട്ടു ജോലിക്കാർ പുറം ഗ്രാമങ്ങളിൽ നിന്ന് ഇവിടെ താമസമാക്കിയിരുന്നു.
മറ്റൊന്ന് വയനാട് കേന്ദ്രമായി കൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അക്കാലത്ത് ഒരുപാട് ലോറികൾ ആവശ്യമുണ്ടായിരുന്നു. അന്നൊക്കെ ഇന്ത്യയിൽ ഏതൊരു നഗരത്തിൽ ചെന്നാലും ഈ നാട്ടിലുള്ള ഒരു ലോറിക്കാരൻ അവിടെ ഉണ്ടാകും. ലോറിയിൽ എത്ര വിലപിടിപ്പുള്ള സാധനങ്ങളും ദൂരെ ദിക്കിൽ എത്തിക്കാൻ ഇവിടെയുള്ള ലോറി ആണ് ആളുകൾ ഏൽപിക്കാറുള്ളത്. അത്രക്കും വിശ്വസ്തരായ ലോറിപ്പണിക്കാർ ആയിരുന്നു ഇവിടെയുണ്ടായിരുന്നത്.
ലോറിയുമായി ബന്ധപ്പെട്ട ഒരുപാട് രസകരമായ പഴഞ്ചൊല്ലുകൾ ഉണ്ടെന്ന് അന്നത്തെ ആളുകൾ പറയുന്നു. ചെറുപ്പക്കാർ സ്‌കൂൾ പഠന കാലം കഴിഞ്ഞാൽ പണ്ടാരപറമ്പ് കടവിൽ ലോറി കഴുകാൻ പോകുകയും പിന്നീട് ലോറിയിൽ ക്ലീനർ ആയി ജോലിയിൽ കയറുകയും ചെയ്യും. അതിനുശേഷം ഡ്രൈവിങ് പഠിക്കുകയും കുറച്ചുപേർ ഒരുമിച്ച് ലോറി വാങ്ങുകയുമായിരുന്നു. അന്നൊക്കെ ഒരു വീട്ടിൽ ലോറിയുമായി ബന്ധപ്പെട്ട ഒരാൾ ഉറപ്പായും ഉണ്ടാകും. എന്നാൽ, കാലക്രമേണ ഈ മേഖല നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അറ്റകുറ്റ പണികളിലെ ചെലവ് വർധിച്ചതും കടങ്ങളും മറ്റും വന്നതുകൊണ്ട് ആളുകൾ മറ്റു തൊഴിലിടങ്ങളിലേക്ക് മാറാൻ കാരണമായി.
കോഴിക്കോട് കേന്ദ്രമായ വ്യവസായങ്ങൾ കുറഞ്ഞതും ചില വ്യവസായങ്ങൾ ഇല്ലാതായതും മറ്റ് ജില്ലയിലെ ആളുകൾ ലോറി മേഖലയിലേക്ക് തിരിഞ്ഞതും ഇവിടത്തെ ലോറി വ്യവസായം കാലക്രമേണ കുറഞ്ഞുപോയി. മുമ്പ് ഈ പ്രദേശങ്ങളിലെ മിക്കവാറും വീടുകളിൽ ഏറ്റവും കുറഞ്ഞത് ഒരു ലോറിയെങ്കിലും ഉണ്ടായിരുന്നു. സമൃദ്ധമായ ഒരു കാലത്തിന്റെ ഓർമകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.