ഇബ്നുബത്തൂത്തയുടെ പേരിൽ കുറ്റിച്ചിറയിൽ നടപ്പാതയൊരുങ്ങുന്നു
text_fieldsകോഴിേക്കാട്: ലോകപ്രശസ്ത സഞ്ചാരി ഇബ്നുബത്തൂത്തയുടെ പേരിൽ കുറ്റിച്ചിറയിൽ നടപ്പാതയൊരുങ്ങുന്നു. കുറ്റിച്ചിറ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവിൽ നടത്തുന്ന നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപ്പാതയൊരുങ്ങുന്നത്. നവീകരിക്കുന്ന കുറ്റിച്ചിറ കുളത്തിെൻറ പടിഞ്ഞാറു ഭാഗത്ത് നിർമിച്ച നടപ്പാതയാണ് ഇബ്നു ബത്തൂത്തയുടെ പേരിൽ അറിയപ്പെടുക. 135 മീറ്റർ നീളത്തിലാണ് പാത.
തെൻറ ലോകസഞ്ചാരക്കുറിപ്പുകളിൽ കോഴിക്കോടിനെ ഉൾപ്പെടുത്തിയ ബത്തൂത്ത കോഴിക്കോടിനെ മികച്ച തുറമുഖപട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ആതിഥ്യമര്യാദകളെയും ലോകവ്യാപാരികളുടെ സംഗമസ്ഥലമെന്ന നിലയിലുള്ള സവിശേഷതകളെയും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. 1344 ജനുവരി രണ്ടിനാണ് അദ്ദേഹം കോഴിക്കോട് സന്ദർശിച്ചത്. മൊറോകോയിലാണ് സുന്നി പണ്ഡിതനും സഞ്ചാരിയുമായ ബത്തൂത്ത ജനിച്ചത്.
കുറ്റിച്ചിറയിലെ കുളവും പരിസരവും പാരമ്പര്യത്തിെൻറ പ്രൗഢിയോടെയാണ് നവീകരിക്കുന്നത്. കുളത്തിനു പടിഞ്ഞാറ് ഭാഗത്ത് പ്രത്യേക വാക്വേയുണ്ട്. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഇവിടത്തെ ഓപൺ സ്റ്റേജ് നവീകരണം പൂർത്തിയായി. കുളിപ്പുരയും സജ്ജമായിട്ടുണ്ട്. രാത്രിയിൽ വിസ്മയക്കാഴ്ചയൊരുക്കുന്ന ദീപസംവിധാനം സജ്ജമാകുന്നുണ്ട്. പടിപ്പുരകളും വാക്വേകളും ദീപാലംകൃതമായിരിക്കും. ടൂറിസം പ്രോത്സാഹനത്തിെൻറ ഭാഗമായാണ് പദ്ധതി. കുറ്റിച്ചിറയുടെ പൈതൃകം വിഷയമാക്കി സിമൻറിൽ തീർക്കുന്ന ചിത്രങ്ങൾ രൂപകൽപന ചെയ്യുന്നുണ്ട്.
കുളത്തിലേക്ക് അഭിമുഖമായി നിൽക്കുന്ന ഈ ചിത്രച്ചുവരിലും പ്രത്യേകവെളിച്ച വിന്യാസമുണ്ടാകും. ഒരു മാസംകൊണ്ട് പദ്ധതി പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി നിർമാണചുമതലയുള്ള നിർമിതികേന്ദ്രയുടെ ആർകിടെക്ട് ഗാഥ മാധ്യമത്തോടു പറഞ്ഞു. 1.25 കോടി രൂപ ടൂറിസം വകുപ്പും 75 ലക്ഷം രൂപ എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷം മുമ്പാണ് പദ്ധതി തുടങ്ങിയത്. ഇതോടനുബന്ധിച്ച് മ്യൂസിയം പദ്ധതിയും തയാറാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.