അർഹമായ അംഗീകാരം, അഭിമാനത്തിന്റെ നിറവിൽ നാട്
text_fieldsനാദാപുരം: ധീരതക്കുള്ള അവാർഡിൽ അഭിമാനംകൊണ്ട് നാട്. വാണിമേൽ സി.സി മുക്ക് പുഴയിൽ മുങ്ങിത്താഴുകയായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരെ രക്ഷപ്പെടുത്തിയ വയലിൽ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഷാമിൽ, പടിക്കലകണ്ടി അമ്മദിന്റെ മകൻ മുഹൈമിൻ എന്നീ വിദ്യാർഥികൾക്ക് രാഷ്ട്രപതിയിൽനിന്ന് ലഭിച്ച ധീരതക്കുള്ള ഇരട്ട പുരസ്കാരത്തിന്റെ പേരിൽ അഭിമാനംകൊണ്ട് നാട്.
2020 നവംബർ 22ന് വാണിമേൽ പുഴയിൽ മുങ്ങിത്താഴുകയായിരുന്ന അഞ്ചു പേരെയാണ് ഇരുവരും ജീവൻ പണയംവെച്ച് രക്ഷപ്പെടുത്തിയത്. വെള്ളിയോട് ജി.എച്ച്.എസ്.എസ് പരിസരത്തുള്ള പുഴയിൽ അലക്കാനും കുളിക്കാനുംവേണ്ടി എത്തിയ കന്നുകുളം കൂട്ടാക്കിച്ചാലിൽ സുരേന്ദ്രന്റെ മകൾ ബിൻസി (22) ബംഗളൂരുവിൽ നിന്നും എത്തിയ സുരേന്ദ്രന്റെ സഹോദരിയുടെ മക്കൾ സജിത(36) ആഷിലി(23), അഥുൻ(15), സിഥുൻ (13)എന്നിവരാണ് അപകടത്തിൽപെട്ടത്.
പുഴയിലെ ചുഴിയിൽപെട്ട് മുങ്ങിത്താഴുകയായിരുന്ന ഇവർക്കു മുന്നിൽ ഷാമിലും മുഹൈമിനും രക്ഷകരായി എത്തുകയായിരുന്നു. അന്ന് ഉച്ചക്ക് 12 മണിയോടെ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ കോച്ചിങ് കഴിഞ്ഞ് പുഴയോരത്ത് എത്തിയതായിരുന്നു ഇരുവരും.
ഈ സമയത്താണ് പുഴയിലെ ചുഴിയിൽപെട്ട് മുങ്ങിത്താഴുന്ന ദൃശ്യം വിദ്യാർഥികളുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ പുഴയിലേക്ക് എടുത്തുചാടിയ ഇരുവരും ചേർന്ന് അഞ്ചുപേരെയും കരക്കെത്തിക്കുകയായിരുന്നു. വിദ്യാർഥികൾക്ക് ലഭിച്ച അംഗീകാരത്തിൽ നാടാകെ ആഹ്ലാദിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.