നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വർഷം
text_fieldsസ്നേഹ നഗരിക്ക് വാനോളം നേട്ടവും നികത്താനാവാത്ത നഷ്ടങ്ങളും സമ്മാനിച്ചാണ് 2024 കടന്നുപോകുന്നത്. സാഹിത്യനഗരം പദവിയെന്ന തിലകക്കുറി ചൂടി നഗരം ലോകത്തിന്റെ നെറുകയിൽ എത്തിയെങ്കിലും മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗം നികത്താനാവാത്ത നഷ്ടമായി. ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തി സൂപ്പർ ലീഗ്, ഐ ലീഗ്, സന്തോഷ് ട്രോഫി മത്സരങ്ങൾക്കും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയായി. വിലങ്ങാട് ഉരുള്‍പൊട്ടലിന്റെ മരവിപ്പും എലത്തൂർ ഇന്ധനച്ചോർച്ചയുടെ ആശങ്കയും ഇന്നും മാറിയിട്ടില്ലെങ്കിലും പുത്തൻ പ്രതീക്ഷകളോടെ 2025നെ വരവേല്‍ക്കാനൊരുങ്ങുകയാണ് കോഴിക്കോട്
രാജ്യത്തെ ആദ്യ സാഹിത്യ നഗരി
യുനെസ്കോയുടെ സാഹിത്യ നഗരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി കോഴിക്കോട് ചരിത്രം സൃഷ്ടിച്ചു. സാഹിത്യനഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 24ന് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സാഹിത്യത്തിന്റെയും സാംസ്കാരിക പരിപാടികളുടെയും മുഖമായി മാറിയ കോഴിക്കോടിന് കിട്ടിയ അംഗീകാരമാണ് യുനെസ്കോയുടെ സാഹിത്യനഗരം പദവി.
ലോകത്തിലെ 53 സാഹിത്യ നഗരങ്ങളുടെ പട്ടികയിലേക്കാണ് കോഴിക്കോടും ഇടം പിടിച്ചത്. ഏഷ്യയിൽ നിന്നുള്ള 10 നഗരങ്ങളാണ് യുനെസ്കോ പട്ടികയിൽ പുതുതായി ഉൾപ്പെട്ടത്. പട്ടികയിലെ ഏക ഇന്ത്യൻ നഗരമാണ് കോഴിക്കോട്. 2023 ഒക്ടോബറിലാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്കോ അംഗീകരിച്ചത്.
കോടികളുടെ സൈബർ തട്ടിപ്പ്
ഈ വർഷം നാലുകോടി രൂപ വീതം നഷ്ടമായ രണ്ട് സൈബർ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടിലും ഇതര സംസ്ഥാനക്കാരാണ് പ്രതികൾ. ഒരാൾ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലും മറ്റൊരാൾ ജോലി നഷ്ടമായി എന്നടക്കം പറഞ്ഞ് സഹതാപം പിടിച്ചുപറ്റിയുമാണ് ചൂഷണത്തിനിരയാക്കിയത്. ഒരു കേസിലെ പ്രതികൾ അറസ്റ്റിലായി.
എം.ടി എന്ന അക്ഷര സൂര്യന് വിടനൽകി കേരളം
മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ ഡിസംബർ 25ന് വിടപറഞ്ഞത് കോഴിക്കോടിന്റെ സ്വകാര്യ ദുഃഖമായി. ഏഴു പതിറ്റാണ്ട് എഴുത്തിന്റെ സുകൃതമായി നിറഞ്ഞുനിന്ന അതുല്യ വ്യക്തിത്വത്തിന്റെ കർമമണ്ഡലമായിരുന്നു കോഴിക്കോട്. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ അതുല്യ പ്രതിഭ.
മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ ആറ് സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠം ജേതാവായ എം.ടിയെ 2005ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു.
മികച്ച തിരക്കഥക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കി. 11 തവണ മികച്ച തിരക്കഥക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ എം.ടിക്ക് ചെറുകഥക്കും നോവലിനും നാടകത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
റഹീമിനെ രക്ഷിക്കാൻ കൈമെയ് മറന്ന്
വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദിയിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന ഫറോക്ക് കോടമ്പുഴ അബ്ദുറഹീമിന്റെ മോചനത്തിന് ജാതി-മത-ദേശ വ്യത്യാസമില്ലാതെ മനുഷ്യർ ഒത്തൊരുമിച്ചപ്പോൾ ലഭിച്ചത് 48 കോടി. വധശിക്ഷ ഒഴിവാക്കാൻ കുടുംബം ആവശ്യപ്പെട്ട 34 കോടിക്കു പകരം പിരിഞ്ഞുകിട്ടിയത് 48 കോടി.
ഏപ്രിൽ 12നായിരുന്നു ലക്ഷ്യം കൈവരിച്ചത്. വധശിക്ഷ ഒഴിവാക്കണമെങ്കിൽ ഏപ്രിൽ 16നകം 34 കോടി നൽകണമെന്നായിരുന്നു കരാർ. ഏപ്രിൽ 12ന് അർധരാത്രിയോടെ റഹീം സഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 48 കോടിയായിരുന്നു.
നൊമ്പരമായി അര്ജുൻ
ജൂലൈ 16ന് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കല്‍ സ്വദേശിയും ലോറി ഡ്രൈവറുമായ അര്‍ജുനെ (32) ഗംഗാവാലി പുഴയിൽനിന്ന് കണ്ടെത്തിയത് 71ാം ദിവസം. മലയാളികളൊന്നടങ്കം കൈമെയ് മറന്ന് അർജുനുവേണ്ടി ഒരുമിച്ചു.
പ്രതിഷേധം കനത്തതോടെ മന്ദഗതിയിലായ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൈവന്നു. രാഷ്ട്രീയ- മാധ്യമ സംവിധാനങ്ങള്‍ ഉണര്‍ന്നതോടെ സെപ്റ്റംബര്‍ 25ന് ഗംഗാവാലി പുഴയില്‍നിന്ന് അര്‍ജുന്റെ ലോറിയും മൃതദേഹാവശിഷ്ടവും കണ്ടെത്തി. ഡി.എന്‍.എ പരിശോധനക്കുശേഷം 28ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രതീക്ഷകൾ
- 2025നെ വരവേൽക്കുമ്പോൾ കോഴിക്കോടിന്റെ പ്രതീക്ഷകൾ:
- തീരദേശ ഹൈവേ
- വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡ് ആറു വരിപ്പാതയായി വികസിപ്പിക്കൽ
- ആരോഗ്യ കേന്ദ്രങ്ങളായ കോഴിക്കോട് മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം എന്നിവയുടെ മാസ്റ്റർ പ്ലാൻ യാഥാർഥ്യമാക്കൽ
- നിപ അടക്കമുള്ള പകർച്ചവ്യാധികൾ പരിശോധിച്ച്
- സ്ഥിരീകരിക്കുന്നതിന് ബി.എസ്.എൽ ലെവൽ 3 ലാബ്
- കിനാലൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കേന്ദ്രം.
- അവയവദാന ഇൻസ്റ്റിറ്റ്യൂട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.