കടലിലേക്ക് ആധാർ കാർഡ്; കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തമ്മിൽ അസ്വാരസ്യം
text_fieldsകോഴിക്കോട്: കേരളത്തിൽ തീരക്കടൽ, ആഴക്കടൽ മേഖലകളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ അസ്സൽ ആധാർ കാർഡ് കൈവശം വെക്കണമെന്ന നിർദേശം മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും തമ്മിലുള്ള അസ്വാരസ്യത്തിന് ഇടയാക്കുന്നു. കടലിൽ തൊഴിലെടുക്കുന്നവർ ആധാർ കാർഡ് കൈവശം വെച്ചില്ലെങ്കിൽ ജനുവരി 15 മുതൽ പിഴ ചുമത്തുമെന്ന് ഫിഷറീസ് വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇതുപ്രകാരം കോസ്റ്റ് ഗാർഡ് പരിശോധനയും തുടങ്ങി.
എന്നാൽ, തീരുമാനം അപ്രായോഗികമാണെന്ന് തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധനത്തിനിടെ വിലപ്പെട്ട രേഖ നഷ്ടപ്പെടാനുള്ള സാധ്യത നൂറു ശതമാനമാണ്. പിന്നീട് തൊഴിലാളികൾ ഈ രേഖ ഉണ്ടാക്കാൻ ബുദ്ധിമുട്ടും. മത്സ്യത്തൊഴിലാളികളെ തിരിച്ചറിയാൻ നേരത്തേ നൽകിയിരുന്ന ബയോമെട്രിക് കാർഡ് ഉള്ളപ്പോൾ പിന്നെന്തിനാണ് ആധാർ കാർഡിന്റെ അസ്സൽ അപകടം നിറഞ്ഞ കടലിലേക്ക് കൊണ്ടുപോകുന്നതെന്നും മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു.
കഴുത്തിൽ അണിയുന്നതിനുള്ള ടാഗ് അടക്കമുള്ള ബയോ മെട്രിക് കാർഡാണ് മത്സ്യബന്ധനത്തിനിടെ തൊഴിലാളികൾക്ക് അഭികാമ്യം. എന്നാൽ, കുറച്ച് തൊഴിലാളികൾക്ക് മാത്രമേ ബയോമെട്രിക് കാർഡ് വിതരണം ചെയ്തിട്ടുള്ളൂ. നാലുവർഷമായി ഇതിന്റെ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
വടകര ചോമ്പാൽ, ബേപ്പൂർ, ചാലിയം തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനെച്ചൊല്ലി കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ആധാർ കാർഡിന്റെ അസ്സൽതന്നെ വേണമെന്ന് കോസ്റ്റ് ഗാർഡ് നിർബന്ധം പിടിക്കുന്നതായും തൊഴിലാളികൾ പറയുന്നു. സർക്കാർ തീരുമാനം മത്സ്യത്തൊഴിലാളി വിരുദ്ധമാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ റാസിക് പറഞ്ഞു.
യാനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷനും ലൈസൻസും തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ നിയമ പരിരക്ഷ കാർഡുകൾ ഉണ്ടായിട്ടും അപ്രായോഗിക തീരുമാനങ്ങൾ അടിച്ചേൽപിച്ച് നിരന്തരം നിയമക്കുരുക്കുണ്ടാക്കി മത്സ്യത്തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കടൽമാർഗം മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ സുരക്ഷ ഏജൻസികളുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതരസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികൾ അടക്കം കേരളതീരത്ത് വ്യാപകമായി മത്സ്യബന്ധനം നടത്തുന്ന പശ്ചാത്തലത്തിൽകൂടിയാണ് ഇത്തരമൊരു നിർദേശം പറപ്പെടുവിച്ചതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.