കോഴിക്കോട് ജില്ലയിലെ ‘ആദ്യം ആധാർ’ന് തുടക്കം
text_fieldsകോഴിക്കോട്: ജില്ലയിലെ മുഴുവൻപേർക്കും ആധാർ സേവനങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞം ‘ആദ്യം ആധാർ’ന് തുടക്കംകുറിച്ചു. കാമ്പയിന്റെ ലോഗോ പ്രകാശനം ജില്ല കലക്ടർ എ. ഗീത നിർവഹിച്ചു. ജില്ല ഐ.ടി മിഷൻ, ആരോഗ്യ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ല കലക്ടറുടെ മേൽനോട്ടത്തിലാണ് ‘ആദ്യം ആധാർ’ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാവിഭാഗം ജനങ്ങൾക്കും തടസ്സം കൂടാതെ സർക്കാർ സേവനങ്ങൾ ഉറപ്പ് വരുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ആദ്യ ഘട്ടത്തിൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അംഗൻവാടി പരിധി അടിസ്ഥാനമാക്കി ഈ പ്രായത്തിലുള്ള കുട്ടികളുടെ കണക്കെടുപ്പ് നടത്തി പ്രാദേശിക ക്യാമ്പുകൾ സജ്ജമാക്കിയാണ് എൻറോൾമെന്റ് നടത്തുക.
അംഗൻവാടികളിൽ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾ അംഗൻവാടി വർക്കർമാരും ശേഷിക്കുന്ന അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ വിവരങ്ങൾ ആശാവർക്കർമാരുമാണ് ശേഖരിക്കുന്നത്. രജിസ്ട്രേഷൻ ഉറപ്പ് വരുത്തുന്നതിന് അംഗൻവാടി വർക്കർമാരുമായോ ആശാവർക്കർമാരുമായോ ബന്ധപ്പെടാം. ഐ.ടി മിഷന് കീഴിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളും ക്യാമ്പ് നടത്തിപ്പിന് വേണ്ട സാങ്കേതിക പിന്തുണ ഉറപ്പാക്കും. സിവിൽ സ്റ്റേഷനിൽ മിഷൻ റൂം കേന്ദ്രീകരിച്ച് ജില്ല കലക്ടറുടെ ഇന്റേൺസാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.