‘ആദ്യം ആധാർ’: ആദ്യഘട്ട ക്യാമ്പുകൾ 23ന് തുടങ്ങും
text_fieldsകോഴിക്കോട്: ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യഘട്ട ക്യാമ്പുകൾക്ക് ജൂലൈ 23ന് തുടക്കമാകും. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയാണ് ആദ്യഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. ജില്ലയിലുടനീളം 250ഓളം കേന്ദ്രങ്ങളിലായി 15,000ത്തിൽപരം ആളുകൾ എൻറോൾമെന്റ് നടത്തും. ഇതിനകം ജില്ലതല രജിസ്ട്രേഷൻ ഒരു ലക്ഷത്തോളമായി. ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ് ‘ആദ്യം ആധാർ’. ഘട്ടംഘട്ടമായി വിവിധ സാമൂഹിക വിഭാഗങ്ങളെ ലക്ഷ്യമാക്കി പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തത്. സംസ്ഥാനത്തെതന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞമാണിത്.
തദ്ദേശ സ്ഥാപനത്തിലെ ഉയർന്ന രജിസ്ട്രേഷൻ രേഖപ്പെടുത്തിയ വാർഡുകളും സമീപ വാർഡുകളും പരിഗണിച്ചാണ് ക്ലസ്റ്ററുകൾ തിരിച്ചത്. ജനകീയ പങ്കാളിത്തത്തോടെ വാർഡ് കൗൺസിലർമാരുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച മാനേജ്മെന്റ് കമ്മിറ്റികളാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുക. ഐ.ടി മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റൽ വകുപ്പ്, ഐ.പി.ബി.എസ് എന്നിവർ എൻറോൾമെന്റ് പ്രവൃത്തികൾക്കുള്ള സാങ്കേതിക പിന്തുണ നൽകും. വാർഡ് അടിസ്ഥാനപ്പെടുത്തി ആശാവർക്കർ, അംഗൻവാടി വർക്കർമാർ എന്നിവർ നടത്തിയ വിവരശേഖരണ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന. പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് വനിത ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ഐ.സി.ഡി.എസ്, അംഗൻവാടി വർക്കർമാർ, നാഷനൽ ഹെൽത്ത് മിഷൻ എന്നിവർ നേതൃത്വം നൽകും. വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ക്യാമ്പ് സെന്ററുകളായി നിശ്ചയിച്ച സ്കൂളുകളിലെ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിവിധതല യോഗങ്ങൾ ചേർന്നു. ക്യാമ്പുകൾ സജ്ജമാണെന്നും ഒരുക്കങ്ങൾ പൂർത്തിയാകുന്നതായും ജില്ല കലക്ടർ എ. ഗീത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.