കെട്ടിട നിർമാണങ്ങൾക്കിടെ അപകടം തുടർക്കഥ
text_fieldsകോഴിക്കോട്: കെട്ടിട നിർമാണങ്ങൾക്കിടെ അപകടമുണ്ടാവുന്നത് ജില്ലയിൽ തുടർക്കഥ. വലുതും ചെറുതുമായ ഇത്തരം അപകടങ്ങളിൽ കഴിഞ്ഞവർഷം നാൽപതോളം പേർക്കാണ് പരിക്കേറ്റത്. 14 പേർ മരിക്കുകയും ചെയ്തു. അഞ്ചുപേർ വീടുനിർമാണവുമായി ബന്ധപ്പെട്ട അപകടങ്ങളിലാണ് മരണപ്പട്ടത്.
നവംബറിൽ നഗരപരിധിയിൽ മൂന്നിടത്തുണ്ടായ അപകടങ്ങളിൽ അഞ്ചു ജീവൻ പൊലിഞ്ഞതാണ് ഇതിൽ വലുത്. തൊണ്ടയാട് കെട്ടിട നിർമാണത്തിനിടെ വലിയ സ്ലാബ് വീണ് നിർമാണ തൊഴിലാളികളും തമിഴ്നാട് സ്വദേശികളുമായ മൂന്നുപേരാണ് മരിച്ചത്. കോൺക്രീറ്റ് തുണുകൾ കൂട്ടിച്ചേർക്കുന്നതിനിടെ നിലം പൊത്തിയായിരുന്നു അപകടം. തോപ്പയിൽ ബി.ജി റോഡ് ജുമാമസ്ജിദ് മിനാരത്തിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ തോപ്പയിൽ സ്വദേശി സുലൈമാനും പെരുമണ്ണയിലെ വീടിനോട് ചേർന്ന് താഴ്ചയുള്ള ഭാഗത്ത് മതിൽ നിർമിക്കവെ മണ്ണിടിഞ്ഞ് പാലാഴി സ്വദേശി ബൈജുവും തൊണ്ടയാട്ടെ അപകടത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മരിച്ചു. നിർമാണ പ്രവൃത്തിക്കിടെ കോവൂര് ഓമശ്ശേരിത്താഴത്ത് മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരുടെ ജീവൻ നഷ്ടമാവാതിരുന്നത് ഒപ്പമുള്ളവരുടെ സമയോചിത രക്ഷാപ്രവർത്തനത്താലാണ്. തുടരെയുള്ള ഈ അപകടങ്ങളിൽ അവസാനത്തേതാണിപ്പോൾ കൈതപ്പൊയിൽ നോളജ് സിറ്റിയിലുണ്ടായത്.
നിർമാണ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ മരിച്ചവരിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. മതിയായ മുൻകരുതലോ തൊഴിൽ നിയമങ്ങളോ പാലിക്കാതെയുള്ള പ്രവൃത്തികളാണ് അപകടമുണ്ടാക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. വൻകിട കെട്ടിട നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ വേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തൊഴിൽ വകുപ്പുതന്നെ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇവയൊന്നും പലയിടത്തും പാലിക്കപ്പെടുന്നില്ല. തുടരെ അപകടങ്ങളുണ്ടാവുമ്പോഴും നിർമാണ സൈറ്റുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല.
വൻകിട നിർമാണ സൈറ്റുകളിൽ ഉയരത്തിൽനിന്ന് വീണും മറ്റുമുള്ള മരണങ്ങളും കൂടുന്നുണ്ട്. പരാതികൾ ഉണ്ടാകാത്തതിനാൽ ഇത്തരം സംഭവങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുന്നില്ല. 2018 മേയിൽ റാംമോഹൻ റോഡിലെ കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചപ്പോൾ ജില്ലയിലെ കെട്ടിട നിർമാണ സ്ഥലങ്ങളിൽ തൊഴിൽ വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും പരിശോധന നടത്തണമെന്നും അപകട സാഹചര്യങ്ങളുണ്ടെങ്കിൽ സ്റ്റോപ് മെമ്മോ നൽകണമെന്നും ജില്ല ഭരണകൂടം നിർദേശിച്ചിരുന്നു.
ആദ്യഘട്ടത്തിൽ പരിശോധനടന്നെങ്കിലും പിന്നീട് ഇവ നിലച്ചതാണ് നിയമലംഘനങ്ങൾ കൂടാനും അപകടങ്ങളുണ്ടാവാനും കാരണമായതെന്നും പരാതിയുണ്ട്.
പൊളിഞ്ഞത് അനുമതിയില്ലാതെ നിർമിച്ച കെട്ടിടമെന്ന് പഞ്ചായത്ത്
കോടഞ്ചേരി: കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ നിർമാണത്തിനിടെ തകർന്ന കെട്ടിടം അനുമതിയില്ലാതെ നിർമിച്ചതാണെന്ന് കോടഞ്ചേരി പഞ്ചായത്ത് അധികൃതർ. അനധികൃത കെട്ടിടനിർമാണം ശ്രദ്ധയിൽപെട്ടതോടെ ചൊവ്വാഴ്ച സ്റ്റോപ് മെമ്മോ നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. ആവശ്യമായ രേഖകൾ നൽകാത്തതുകൊണ്ടാണ് അനുമതി നൽകാതിരുന്നത്. ഈ വിഷയങ്ങൾ നോളജ് സിറ്റി അധികൃതരെ യഥാസമയം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, യഥാസമയം കെട്ടിടനിർമാണത്തിന് അനുമതി തേടിയിരുന്നതായും പഞ്ചായത്ത് അധികൃതർ വൈകിപ്പിക്കുകയായിരുന്നെന്നും മർകസ് നോളജ് സിറ്റി സി.ഇ.ഒ അബ്ദുൽ സലാം പറഞ്ഞു. പരിസ്ഥിതിലോല പ്രദേശത്താണ് മർകസ് നോളജ് സിറ്റി നിർമിച്ചതെന്നും നിരവധി വയലുകളും നീർച്ചാലുകളും മണ്ണിട്ടുനികത്തിയത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കിയതായും പൊതുപ്രവർത്തകർ ആരോപിക്കുന്നു. അതേസമയം, നിയമവിരുദ്ധമായ എല്ലാ നിർമാണപ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്തുകൊടുക്കുന്നത് രാഷ്ട്രീയപാർട്ടി നേതാക്കളാണെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.