ബൈക്ക് യാത്രികനെ ഇടിച്ചുകൊന്ന 'കാർ' ഒളിച്ചുകളിച്ചത് ഒരുമാസം; പൊലീസിന്റെ പുതിയ അന്വേഷണ രീതിയിൽ ഒടുവിൽ കുടുങ്ങി
text_fieldsപന്തീരാങ്കാവ്: ബൈക്ക് യാത്രികനെ മരണത്തിലേക്ക് ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ പന്തീരാങ്കാവ് പൊലീസ് കണ്ടെത്തി. ഫെബ്രുവരി 24ന് പന്തീരാങ്കാവ് ബൈപാസിൽ കൊടൽ നടക്കാവിലാണ് ബൈക്ക് യാത്രികനായ പേര്യ പൊക്കാരത്ത് ആദിലിനെ (19) കാറിടിച്ചത്.
അഴിഞ്ഞിലത്ത് കടയിലെ ജീവനക്കാരനായ ആദിൽ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
അപകടം വരുത്തി നിർത്താതെ പോയ വാഹനത്തിനായുള്ള അന്വേഷണത്തിനിടെയാണ് സംഭവസ്ഥലത്തുനിന്ന് കാറിെൻറ മുൻഭാഗത്തെ പൊട്ടിയ കഷണങ്ങൾ കണ്ടെടുത്തത്. സംസ്ഥാനത്തെ സർവിസ് സെൻററുകളെല്ലാം പൊലീസ് അരിച്ചുപെറുക്കി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കാർ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർഥന കണ്ടാണ് എറണാകുളം എളമക്കരയിലെ സർവിസ് സെൻററിൽനിന്ന് കേടുപാട് തീർത്ത കാറിനെ കുറിച്ച് സൂചന ലഭിച്ചത്. കെ.എൽ 24 ടി 3285 ടാക്സിയാണ് അപകടം വരുത്തിയത്. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയതോടെ കാറ് പാലായിലേക്ക് മാറ്റിയെങ്കിലും അന്വേഷണ സംഘം വാഹനം കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ പൊട്ടിയതിനെ തുടർന്ന് അഴിച്ചുമാറ്റിയ ഭാഗങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡ്രൈവർ അടുത്ത ദിവസം പിടിയിലാവുമെന്നാണ് കരുതുന്നത്. അപകടം നടന്ന സമയത്ത് കാറിൽ ഒരു പ്രമുഖ വ്യക്തിയുണ്ടായിരുന്നതായി അഭ്യൂഹമുണ്ട്.
പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബൈജു കെ. ജോസ്, എസ്.ഐ ജിതേഷ്, എ.എസ്.ഐ ഉണ്ണി, സി.പി.ഒ. മുഹമ്മദ്, ദിവാകരൻ, രൂപേഷ്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.