വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം; മൂന്നു തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsനാദാപുരം: വീട് പൊളിച്ചു മാറ്റുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് അടർന്നു വീണ് അപകടം. താഴേക്ക് പതിച്ച കോൺക്രീറ്റ് സ്ലാബിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾ അഗ്നിരക്ഷ സേനാംഗങ്ങളുടെയും നാട്ടുകാരുടെയും പൊലീസിന്റെയും കഠിന പ്രയത്നത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് തൂണേരി സ്വദേശികളായ നാണു, സജീവൻ എന്നീ തൊഴിലാളികൾ കോൺക്രീറ്റ് ബീമിന്റെ ഇടയിൽ കാലുകൾ കുടുങ്ങി നിസ്സഹായമായ അവസ്ഥയിലായിരുന്നു.
രണ്ടുപേരെയും പുറത്തെടുത്ത് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. കക്കംവെള്ളി പെട്രോൾ പമ്പിന് മുകൾ ഭാഗത്തെ കുന്നുംപുറത്ത് റീജയുടെ പഴയ ഇരുനില വീടു പൊളിച്ചു മാറ്റുന്നതിനിടെ ചൊവ്വാഴ്ച പത്തു മണിയോടെയാണ് അപകടം. നാദാപുരം അഗ്നിരക്ഷ നിലയം ഓഫിസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർമാരായ കെ.സി. സുജേഷ് കുമാർ, ടി. വിനോദ്, എം. ജയേഷ്, എം. സജീഷ്, കെ.പി. ബിജു, കെ. പ്രഭീഷ് കുമാർ, വി.കെ. അരുൺ പ്രസാദ്, വി. ലികേഷ്, എം. മനോജ്, ആര്. ജിഷ്ണു, സി. രഘുനാഥ്, വി.എ. റഹീം, വി.എ. അഷ്റഫ്, കരീം കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി. വാർഡ് മെംബർ കെ.ടി.കെ. സമീറ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.