അമിതവേഗം: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥ
text_fieldsഎകരൂൽ: കഴിഞ്ഞദിവസം യുവാവ് ബൈക്കപകടത്തില്‍ മരിച്ച കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. മാസങ്ങൾക്കിടെ ഈ പാതയിൽ പൊലിഞ്ഞത് നിരവധി ജീവനാണ്. ആധുനിക രീതിയിൽ റോഡ് നവീകരിച്ചതോടെ അങ്ങാടികളിലടക്കം അമിത വേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
ഉണ്ണികുളം പഞ്ചായത്തിലെ കരുമലയിൽ രണ്ട് അപകടങ്ങളാണ് ചൊവ്വാഴ്ച രാവിലെയും രാത്രിയിലുമായി സംഭവിച്ചത്. രാവിലെയുണ്ടായ ബൈക്കപകടത്തിലാണ് പൂനൂർ കോളിക്കൽ സ്വദേശി 23കാരനായ അനീസ് എന്ന യുവാവ് മരിച്ചത്. അനീസിന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയും പ്രതീക്ഷയുമാണ് നഷ്ടമായത്.
ഇതേ ദിവസംതന്നെ രാത്രിയാണ് സമീപ പ്രദേശമായ തേക്കുംതോട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ഒരു വയസ്സായ കുഞ്ഞടക്കം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരു യുവതി ഈ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി പേരാണ് ഈ റോഡിൽ അപകടത്തിൽപെട്ട് മരിച്ചത്.
മരണങ്ങളെക്കാള്‍ ഭയാനകമാണ് ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത തരത്തിലുള്ള ഗുരുതര പരിക്കും അംഗവൈകല്യവും. മിക്ക അപകടങ്ങൾക്കും കാരണം അമിത വേഗമാണെന്ന് പ്രദേശ വാസികൾ പറയുന്നു. സ്പീഡ് ബ്രേക്കറുകള്‍ ഇല്ലാത്തതാണ് വാഹനങ്ങളുടെ അമിത വേഗത്തിന് പ്രധാന കാരണം. നവീകരണം പൂർത്തിയാകാത്തതിനാൽ റോഡിന് ഡിവൈഡറുകളോ വേഗം നിയന്ത്രിക്കാൻ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.
അശാസ്ത്രീയ നിർമാണവും വളവുകളിൽ റോഡിന് സംരക്ഷണഭിത്തിയും കൈവരിയുമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. വേഗം നിയന്ത്രിക്കാൻ സംവിധാനമൊരുക്കിയില്ലെങ്കിൽ ഇനിയും ജീവൻ ഈ റോഡിൽ പൊലിയുന്നത് കാണേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.