അച്ചൻകുളത്തിന് വയസ്സ് 100; അണുബാധയേറ്റ് മരണം ഇതാദ്യം
text_fieldsഅച്ചൻകുളം
രാമനാട്ടുകര: ഇതു ഫാറൂഖ് കോളജിനടുത്ത അച്ചൻകുളം. വയസ്സ് 100 കഴിഞ്ഞു. കുളത്തിൽ മുങ്ങിമരണം ഏറെ നടന്നിട്ടുണ്ട്. എന്നാൽ, മസ്തിഷ്കത്തെ ഗുരുതരമായി ബാധിക്കുന്ന അണുബാധയേറ്റ് പന്ത്രണ്ടുകാരൻ മരിച്ചതോടെയാണ് അച്ചൻകുളം ശ്രദ്ധേയമായത്. രാമനാട്ടുകര നഗരസഭ സംരക്ഷിച്ചുപോരുന്ന കുളത്തിൽനിന്ന് ആയിരക്കണക്കിനു പേരാണ് നീന്തൽ പരിശീലിച്ചത്. ഏറെയും മലപ്പുറം ജില്ലക്കാർ. ദൂരദിക്കുകളിൽനിന്നുപോലും ആളുകൾ കൂട്ടമായെത്തി നീന്തി ഉല്ലസിച്ചുപോകാറുള്ള കാഴ്ച പരിസരവാസികൾക്ക് പുതുമയല്ല. കൊടുംവേനലിൽ മാത്രമേ കുളം വറ്റാറുള്ളൂ. മഴക്കാലമായാൽ കുളത്തിന്റെ അടിഭാഗം വരെ കണ്ണാടിപോലെ കാണാം.
ഏകദേശം 10 സെന്റ് വിസ്തീർണത്തിലാണ് കുളം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കൂടുമ്പോൾ മാത്രമേ ഒഴുക്കുണ്ടാകാറുള്ളൂ. ഇത്രയും കാലത്തിനിടക്ക് ഇതുപോലുള്ള മരണം കുളത്തിൽ കുളിച്ചവർക്ക് ഉണ്ടായിട്ടില്ലെന്ന് പരിസരവാസിയും കോൺഗ്രസ് നേതാവുമായ ടി.പി. ശശിധരൻ പറഞ്ഞു. നീന്തൽ പരിശീലനത്തിനിടെയും മറ്റും മുങ്ങിമരണം ഉണ്ടായിട്ടുണ്ട്.
അതേസമയം, അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് കുട്ടി മരിക്കാനിടയായ സംഭവത്തിൽ ഭീതി വേണ്ടെന്നും പ്രതിരോധ പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ് പറഞ്ഞു. കുളം സംരക്ഷിക്കുന്നതോടൊപ്പംതന്നെ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കുളത്തിലേക്ക് ആർക്കും പ്രവേശനമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. അണുബാധയുണ്ടെന്ന് വ്യക്തമായതോടെ ക്ലോറിനേഷൻ ഉൾപ്പെടെ എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫിസർ ഡോ. സുമംഗല അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.