കോംട്രസ്റ്റ് ഏറ്റെടുക്കൽ; സർക്കാറിൽ സമ്മർദം മുറുക്കാൻ സി.പി.ഐ
text_fieldsകോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് ഹാൻഡ്ലൂം വീവിങ് ഫാക്ടറി ഏറ്റെടുത്ത് വീണ്ടും തുറക്കാൻ സർക്കാറിൽ സമ്മർദം മുറുക്കാൻ സി.പി.ഐ. ഭരണമുന്നണിയിലെ രണ്ടാം ഘടകകക്ഷിയായിട്ടും കോംട്രസ്റ്റ് ഏറ്റെടുക്കുന്നതിലെ ഇടപെടൽ അഴകൊഴമ്പനാണെന്ന് ഫറോക്കിൽ നടന്ന സി.പി.ഐ ജില്ല സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. ഇതടക്കം മുൻനിർത്തിയാണ് പാർട്ടി സംസ്ഥാന നേതൃത്വത്തെ വിഷയത്തിൽ ശക്തമായി ഇടപെടീക്കാൻ ജില്ല നേതൃത്വം തീരുമാനിച്ചത്. നേരത്തേ വിഷയം സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വന്നിരുന്നുവെങ്കിലും പ്രത്യേകം ചർച്ചചെയ്ത് നടപടി സ്വീകരിച്ചിരുന്നില്ല. തൊഴിലാളികളുടെ സംയുക്ത സമരസമിതി വീണ്ടും സമരം തുടങ്ങിയതിനു പിന്നാലെ ചേർന്ന സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് വിഷയം ചർച്ചചെയ്ത് സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉറപ്പാക്കാൻ സത്യൻ മൊകേരി, ടി.വി. ബാലൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരുവരും വിഷയം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ.പി. രാജേന്ദ്രൻ, ബിനോയ് വിശ്വം അടക്കമുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ചു. സംസ്ഥാന കമ്മിറ്റി വിഷയം ചർച്ചചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നാണ് സമരസമിതിക്ക് പാർട്ടിയിൽനിന്ന് ലഭിച്ച ഉറപ്പ്. സി.ഐ.ടി.യു സമരത്തിൽനിന്ന് നേരത്തേ പിൻവലിഞ്ഞിരുന്നു. ഇതോടെയാണ് സ്ഥാപനം ഏറ്റെടുത്ത് തുടർനടപടി സ്വീകരിക്കുന്നതിൽ സർക്കാർ വിമുഖത തുടങ്ങിയത്. ഘടകകക്ഷിയെന്ന നിലയിൽ ഇടപെട്ട് ഈ നിലപാട് തിരുത്തിക്കുകയാണിപ്പോൾ സി.പി.ഐ ലക്ഷ്യമിടുന്നത്.
ലോകപ്രശസ്ത തുണിത്തരങ്ങൾ ഉൽപാദിപ്പിച്ച ഫാക്ടറി 1844 ലാണ് ജർമൻ ബാസൽ മിഷൻ സ്ഥാപിച്ചത്. പിന്നീട് ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും 1976ൽ ഫറ ആക്ടിന് ശേഷം ഇന്ത്യൻ മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. നഷ്ടങ്ങളുടെ കണക്ക് നിരത്തി 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി പൂട്ടിയത്. തുടർന്ന് ഭൂമി വിൽക്കാൻ ശ്രമം ആരംഭിച്ചെങ്കിലും തൊഴിലാളികൾ എതിർത്തു. പ്രക്ഷോഭം ശക്തമായതോടെ അന്നത്തെ എൽ.ഡി.എഫ് സർക്കാർ കോംട്രസ്റ്റ് ഏറ്റെടുക്കാൻ 2010 ജൂൺ ഒമ്പതിന് ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശിച്ചു.
2012 ജൂലൈ 25ന് നിയമസഭ ഐകകണ്ഠ്യേന കോമൺവെൽത്ത് ഹാൻഡ്ലൂം എടുത്തുള്ള ബിൽ പാസാക്കി. നീണ്ട കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രി റസിഡന്റ് കമീഷണറെ ചുമതലപ്പെടുത്തുകയും സംസ്ഥാന സർക്കാർ കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രിയെ ബില്ല് സംബന്ധിച്ച വിഷയങ്ങൾ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടു.
എന്നാൽ, സ്ഥാപനം കൈവശപ്പെടുത്തുന്ന നടപടികൾ സർക്കാർ തലത്തിൽ പുരോഗമിച്ചില്ല. അടച്ചുപൂട്ടിയ കാലത്തെ എല്ലാ ആനുകൂല്യങ്ങളും നൽകാൻ 2017 മാർച്ചിൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധിച്ചെങ്കിലും നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഹൈകോടതിയിൽ കേസും നിലവിലുണ്ട്. അതിനിടെ ഒന്നര ഏക്കറോളം ഭൂമി പുറത്തുള്ളവർ കൈവശപ്പെടുത്തുകയും ചെയ്തു. പൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന 107 തൊഴിലാളികൾക്കുള്ള ഏക ആശ്രയം കെ.എസ്.ഐ.ഡി.സി മാസത്തിൽ നൽകിയ 5,000 രൂപയായിരുന്നു. എന്നാൽ മരണപ്പെട്ടവർക്കും പെൻഷൻ പ്രായമായവർക്കും ഈ ആനുകൂല്യം ലഭിക്കുന്നുമില്ല. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന്റെ കെട്ടിടവും ഉപകരണങ്ങളുമെല്ലാം കാടുകയറി നശിക്കുകയാണ്. സംയുക്ത സമരസമിതി വീണ്ടും മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം തുടങ്ങിയ രണ്ടാംഘട്ട സമരമിപ്പോൾ 34 ദിവസം പിന്നിട്ടു.
ബി.ജെ.പി പ്രത്യക്ഷ സമരത്തിന്
കോഴിക്കോട്: കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അറിയിച്ചു. ആദ്യപടിയായി ഫെബ്രുവരി ഒന്നിന് കോംട്രസ്റ്റ് പരിസരത്ത് സത്യഗ്രഹ സമരം നടത്തും. കോംട്രസ്റ്റ് ഏറ്റെടുക്കുന്നതിനുപകരം ഭൂമി മാഫിയകൾക്ക് കൈമാറാനുള്ള ഒത്താശയാണ് ഭരണനേതൃത്വം നടത്തിയത്. ഈ സ്വത്തുക്കൾ കൈക്കലാക്കാൻ നേരത്തേ നടന്ന നീക്കങ്ങൾ തുടരുകയാണ്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാത്തത് സർക്കാറിന്റെ ആർജവമില്ലായ്മയാണ്. കോഴിക്കോട് സൗത്ത് ബീച്ചിലെ അനധികൃത കെട്ടിടവുമായി ബന്ധപ്പെട്ട് വീഴ്ചയില്ലെന്ന തുറമുഖ വകുപ്പിന്റെ കണ്ടെത്തൽ ജനങ്ങളുടെ സാമാന്യബുദ്ധിയെ അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇ. പ്രശാന്ത് കുമാർ, ടി. രനീഷ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോംട്രസ്റ്റ് ഉടൻ ഏറ്റെടുത്ത് വ്യവസായം ആരംഭിക്കണം -സർവകക്ഷിയോഗം
കോഴിക്കോട്: കോംട്രസ്റ്റ് ഉടൻ ഏറ്റെടുത്ത് വ്യവസായം ആരംഭിക്കണമെന്ന് കോംട്രസ്റ്റ് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. കോംട്രസ്റ്റ് പരിസരത്ത് ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളി കൂട്ടായ്മ സെക്രട്ടറി പി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെ. രാജീവ്, മജീദ്, ഹരിദാസ് പൊക്കിനാരി, കെ. ഷാജി, പ്രശാന്ത്, യു. പോക്കർ, എം.കെ. രജീന്ദ്രൻ, കുദുമം, എ.കെ. വിജീഷ്, പി. ഷാജു, പി. പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.