ഒരാഴ്ചക്കിടെ 168 ബസുകൾക്കെതിരെ നടപടി; 1.86 ലക്ഷം ഈടാക്കി
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 168 ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഒക്ടോബർ എട്ടുമുതൽ 15 വരെ നടത്തിയ പരിശോധനയിൽ 168 വാഹനങ്ങൾക്കെതിരെയാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 1,86,000 രൂപ കോമ്പൗണ്ടിങ് ഫീ ആയി ഈടാക്കുകയും ചെയ്തു.
പെർമിറ്റ് ഇല്ലാത്ത സർവിസ്, പാസഞ്ചർ ഡോർ അടക്കാത്തവ, സ്പീഡ് ഗവർണർ ഇല്ലാത്തവ, റാഷ് ഡ്രൈവിങ്, മ്യൂസിക് സിസ്റ്റം, എയർ ഹോൺ, അധിക ലൈറ്റുകൾ സ്ഥാപിച്ചവ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എട്ട് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഓട്ടോമാറ്റിക് ഡോർ അടക്കാതെ സർവിസ് നടത്തിയ സിറ്റി ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരൻ മരിച്ച കേസിലെ ബസ് ഡ്രൈവറുടെ ലൈസൻസും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ചാലപ്പുറം ഭജന കോവിലിനു സമീപം ഉണ്ടായ അപകടത്തിൽ മാങ്കാവ് പാറപ്പുറത്ത് പറമ്പിൽ ശുഭശ്രീ വീട്ടിൽ പി. ഗോവിന്ദനാണ് (59) ദാരുണമായി മരിച്ചത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.